Site iconSite icon Janayugom Online

വനിതാ സൈനികരുടെ പ്രസവാവധി നീട്ടി

കര, നാവിക, വ്യോമസേനയിലെ വനിതാ അംഗങ്ങളുടെ പ്രസവാവധി നീട്ടിക്കൊണ്ടുള്ള ശുപാര്‍ശയ്ക്ക് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ഇനിമുതല്‍ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ വനിതാ അംഗങ്ങള്‍ക്കും തുല്യ അവധിയായിരിക്കും ലഭിക്കുക. പ്രസവം, കുട്ടികളുടെ പരിചരണം, ദത്തെടുക്കല്‍ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ അവധി ദിനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. 

പ്രതിരോധ മേഖലയിലെ വനിതാംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ജോലിയും കുടുംബജീവിതവും സന്തുലിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് 180 ദിവസം മുഴുവന്‍ ശമ്പളത്തോടും കൂടിയാണ് പ്രസവാവധി. ഇത് രണ്ട് കുട്ടികള്‍ക്കാണ് ബാധകമായിരിക്കുക. കുട്ടികളുടെ പരിചരണത്തിനായി സര്‍വീസിലെ 360 ദിവസവും അവധിയെടുക്കാവുന്നതാണ്. കുട്ടിക്ക് 18 വയസില്‍ താഴെയായിരിക്കണം പ്രായമെന്നുമാത്രം. ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുമ്പോള്‍ 180 ദിവസമാണ് അവധി അനുവദിക്കുക. 

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലും യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും വനിതാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സായുധ സേനയുടെ എല്ലാ വിഭാഗത്തിലും വനിതകള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു. 

Eng­lish Summary:Maternity leave of women sol­diers extended

You may also like this video

Exit mobile version