Site iconSite icon Janayugom Online

മാത്യുകുഴൽനാടന്‌ തിരിച്ചടി; തെളിവുകൾ ഇല്ലാതെ ഹർജിയുമായി വന്നത്‌ എന്തിനാണെന്ന്‌ കോടതി

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ വിജിലൻസ്‌ കോടതിയെ സമീപിച്ച മാത്യുകുഴൽനാടന്‌ തിരിച്ചടി. തെളിവുകൾ ഇല്ലാതെ ഹർജിയുമായി വന്നത്‌ എന്തിനാണെന്ന്‌ കോടതി കുഴൽനാടനോട്‌ ചോദിച്ചു. വീണ്ടും വാദം കേൾക്കണമെന്ന കുഴൽനാടന്റെ ആവശ്യവും കോടതി തള്ളി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി പരിഗണിച്ച ഘട്ടങ്ങളിലെല്ലാം തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിധി പറയാൻ ഹർജി മാറ്റിയ ദിവസങ്ങളിലാണ് തെളിവുകൾ ഹാജരാക്കി എന്ന വാദവുമായി കുഴൽനാടൻ രംഗത്ത് എത്തിയത്. ഹർജിയിൽ വീണ്ടും വാദം കേൾക്കണമെന്നായിരുന്നു കുഴൽനാടന്റെ പുതിയ ആവശ്യം. ഇത് തള്ളിയ കോടതി തെളിവുകൾ ഇല്ലാതെ എന്തിനാണ് ഹർജിയുമായി കോടതിയിൽ എത്തിയത് എന്ന് കുഴൽനാടനോട് ചോദിച്ചു. സിഎംആർഎല്ലിന്റെ ആവശ്യങ്ങളെല്ലാം സർക്കാർ തള്ളിയതാണെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ഈ മാസം ആറിന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.

കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ പതിവ് വാർത്താ സമ്മേളനം നടത്തിയ കുഴല്‍നാടന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ചു. ടൂറിസം മേഖലയിൽ സിഎംആർഎല്ലിന്‌ സഹായം നൽകിയെന്നും ഇനിയും തുടങ്ങിയിട്ടില്ലാത്ത പദ്ധതിയിൽ ആനുകൂല്യം നൽകിയെന്നുമായിരുന്നു ആരോപണം. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, കെആർഇഎംഎൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ, ഭൂമിയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ എന്നിവ തെളിവായി നൽകിയെന്ന്‌ മാത്യു കുഴൽനാടൻ അവകാശപ്പെട്ടു.

Eng­lish Summary:Mathew kuzhal­nadan set back; Why did the court come with the peti­tion with­out evidence?
You may also like this video

Exit mobile version