യുഡിഎഫിനോടുള്ള പ്രേമം തുറന്നുപറഞ്ഞ് മാതൃഭൂമി ദിനപത്രം. വോട്ട് എങ്ങോട്ട് എന്ന തലക്കെട്ടില്‍ ഇന്ന് ആറ്, ഏഴ് പേജുകളിലായി പ്രസിദ്ധീകരിച്ച അവലോകനങ്ങള്‍ യുഡിഎഫിന്റെ പെയ്ഡ് ന്യൂസിന് സമാനമാണ്. വോട്ടര്‍മാരെ സ്വാധീനിക്കുന്നത് എന്തൊക്കെയാണെന്ന് ഡോ. ജി ഗോപകുമാര്‍, ഡോ. ജെ പ്രഭാഷ്, ഡോ. ഡി ധനുരാജ് എന്നിവരുടെ വിലയിരുത്തലുകളെന്ന പേരിലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, മാവേലിക്കര, കോട്ടയം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളുടെ അവലോകനമാണ് തയ്യാറാക്കിയത്. ഓരോ മണ്ഡലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കും നല്‍കിയ തലക്കെട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് അനുകൂലമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ്. ‘മുന്‍തൂക്കം തരൂരിന്’ എന്ന് തിരുവനന്തപുരത്തിനെക്കുറിച്ച് നേരിട്ട് പ്രഖ്യാപിച്ചപ്പോള്‍, യുഡിഎഫിന് പ്രതീക്ഷയുടെ ‘പ്രകാശം’ എന്നാണ് ആറ്റിങ്ങലിനെക്കുറിച്ചുള്ള വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയുടെ പേരിന് പ്രാധാന്യം നല്‍കുന്ന തലക്കെട്ടാണിത്.
കൊല്ലത്തെ ‘പ്രേമം’ എന്നും മാവേലിക്കരയിലെ ‘കൊടിയേറ്റം’ എന്നും വിശേഷിപ്പിക്കുന്നു. പത്തനംതിട്ടയില്‍ ‘ആന്റോ ആന്റ് പാര്‍ട്ടി‘യെന്നും, ആലപ്പുഴയില്‍ ‘ഈസി കെസി’ എന്നും കോട്ടയത്ത് ‘ഫ്രാന്‍സിസ് ജോറാണ്’ എന്നുമൊക്കെയാണ് തലക്കെട്ടുകള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന സ്ഥിതിവിശേഷം ഇത്തവണ നിലവിലില്ല എന്ന് നിഷ്പക്ഷ സര്‍വേകളെല്ലാം വിലയിരുത്തുന്നു. എന്നിട്ടും യുഡിഎഫിന് ഈസിയെന്നാണ് മാതൃഭൂമിയുടെ ‘കണ്ടെത്തല്‍’. മാവേലിക്കരയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നാണ് ദേശീയമാധ്യമങ്ങളുള്‍പ്പെടെ വിലയിരുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തും നിലവിലെ എംപിമാര്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നത് മറച്ചുവച്ചാണ് അവലോകനങ്ങള്‍.
നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന പത്രത്തിന്റെ എല്‍ഡിഎഫ് വിരുദ്ധതയ്ക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിനുവേണ്ടിയുള്ള പെയ്ഡ് ന്യൂസ് ആണ് മാതൃഭൂമി നല്‍കിയിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അഭിപ്രായമുയര്‍ന്നത്.
English Summary:Mathrubhumi by UDF ‘premam’ in public
You may also like this video