ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ പുരാവസ്തു സര്‍വേ നടത്താന്‍ മഥുര കോടതിയുടെ ഉത്തരവ്. ജനുവരി രണ്ട് മുതല്‍ സര്‍വേ ആരംഭിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ് നിര്‍ദേശം നല്‍കിയത്. ജനുവരി 20ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും സിവില്‍ കോടതി ജഡ്ജി സോണിക വര്‍മ്മയുടെ ഉത്തരവില്‍ പറയുന്നു.
ഹിന്ദു സേന പ്രവര്‍ത്തകന്‍ വിഷ്ണു ഗുപ്ത, ബാല്‍ കൃഷ്ണ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഈ മാസം എട്ടിനാണ് ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആമീന്‍ വഴി ഇരുകക്ഷികള്‍ക്കും ഉത്തരവ് കൈമാറിയതായും ഹിന്ദുസംഘടനകളുടെ അഭിഭാഷകന്‍ ശൈലേഷ് ദുബെ പറഞ്ഞു.
നേരത്തേ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സമാനമായ സര്‍വേ നടത്തി ‘ശിവലിംഗം’ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ നിയമയുദ്ധം തുടരുന്നതിനിടെയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
1669–70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ വളപ്പിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് ഇതെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു. അതിനാല്‍ 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ആവശ്യം. 1968 ല്‍ ഷാഹി ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു.
1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്നതുപോലെ ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായ ആവശ്യമാണിതെന്ന് ചൂണ്ടിക്കാട്ടി മഥുരയിലെ സിവില്‍ കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു. ഈ കേസ് ഫയലില്‍ സ്വീകരിച്ചാല്‍ സമാനമായ ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഈ ഉത്തരവിനെതിരേ ഹര്‍ജിക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബറി മസ്ജിദ് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പണിതതാണെന്നും ശ്രീരാമ ജന്മഭൂമിയാണെന്നും അവകാശപ്പെട്ട് 1992ലാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇടിച്ചുനിരത്തിയത്. 2019ല്‍ സുപ്രിം കോടതി ബാബരി പള്ളിയുടെ സ്ഥലം രാമക്ഷേത്രത്തിനായി കൈമാറുകയും പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി നല്‍കുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അഖില ഭാരത ഹിന്ദു മഹാസഭ ഈ മാസം ആദ്യം ആഹ്വാനം നല്‍കിയിരുന്നു.
English Summary: Mathura District Court Order: Shahi Eidgah Masjid to be surveyed
You may also like this video