Site iconSite icon Janayugom Online

മത്സ്യ അന്തര്‍വാഹിനി യാത്രയ്ക്ക് ഒരുങ്ങുന്നു

സമുദ്രായൻ പദ്ധതിയുടെ ഭാഗമായി ആഴക്കടലിനെക്കുറിച്ച് പഠിക്കാനുള്ള മത്സ്യ 6000 അന്തര്‍വാഹിനിയുടെ ചിത്രവും വീഡിയോയും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് അന്തര്‍വാഹിനി വികസിപ്പിച്ചത്.
കമ്മിഷൻ ചെയ്താല്‍ മനുഷ്യനെയും വഹിച്ചുള്ള രാജ്യത്തിന്റെ ആദ്യ അന്തര്‍വാഹിനിയായി ഇത് അറിയപ്പെടും. 6000 മീറ്റര്‍ ആഴക്കടലില്‍ ഗവേഷകരെ എത്തിക്കാൻ ഗോളാകൃതിയിലുള്ള അന്തര്‍വാഹിനിക്ക് കഴിയും. എന്നാല്‍ ആദ്യ ആഴക്കടല്‍ യാത്രയില്‍ 500 മീറ്ററാകും സഞ്ചരിക്കുക. പദ്ധതി സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്ന് റിജിജു അറിയിച്ചു.
ആറ് കിലോമീറ്റര്‍ ആഴത്തിലേക്ക് മൂന്ന് മനുഷ്യരെ എത്തിക്കാനും സമുദ്ര വിഭവശേഷിയും ആവാസവ്യവസ്ഥയും പഠിക്കാനും മത്സ്യ 6000 ന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന അന്തര്‍വാഹിനിയില്‍ കേന്ദ്രമന്ത്രി ഇരിക്കുന്നതും അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഒരു വിദഗ്ധൻ അദ്ദേഹത്തോട് സംസാരിക്കുന്നതുമാണ് വീഡിയോ. ധാതുക്കള്‍ ഉള്‍പ്പടെയുള്ളവയില്‍ സമഗ്ര പഠനം നടത്താൻ പദ്ധതിയിലൂടെ സാധിക്കുമെന്നും 2026ഓടെ മത്സ്യ 6000 പ്രവര്‍ത്തനസജ്ജമാകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.

Eng­lish summary;Matsya sub­ma­rine pre­pares to sail
you may also like this video;

Exit mobile version