Site iconSite icon Janayugom Online

ജലസംരക്ഷണത്തിനുള്ള മാതൃകാ പ്രവര്‍ത്തനങ്ങളുമായി മട്ടന്നൂര്‍ നഗരസഭ

കൊടുംവേനലില്‍ നാട് വെന്തുരുകുമ്പോള്‍ ജലസംരക്ഷണത്തിനുള്ള മാതൃകാ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ് അധികൃതര്‍. മട്ടന്നൂർ മേഖലയിൽ നാശോൻമുഖമായിരുന്ന നിരവധി കുളങ്ങൾക്കാണ് അടുത്തിടെ പുതുജീവൻ ലഭിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ 20-ഓളം കുളങ്ങളാണ് ഏറ്റെടുത്ത് നവീകരിച്ചത്. സംസ്ഥാന സർക്കാരും ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി കുളങ്ങൾ നവീകരിക്കുന്നുണ്ട്. ശിവപുരത്തെ പുത്തൻകുളത്തിന്റെ പ്രവൃത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്. ഉപയോഗശൂന്യമായ കുളം സർക്കാരിന്റെ നേതൃത്വത്തിൽ 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിയുന്നത്. 

കുളത്തിലെ ചെളിയും മറ്റും നീക്കി അടിഭാഗത്ത് കോൺക്രീറ്റിട്ടു. തുടർന്ന് ചെങ്കല്ല് വെച്ച് ഉയർത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയായശേഷം അലങ്കാരവിളക്കുകളും മറ്റും സ്ഥാപിക്കും. ആദ്യഘട്ട നിർമാണത്തിന് ഭരണാനുമതി ലഭിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ശിവപുരം ടൗണിന്റെ സൗന്ദര്യവത്‌കരണവും നടക്കും. 2022–23 സാമ്പത്തിക വർഷത്തെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ നേതൃത്വത്തിൽ 13 കുളങ്ങൾ നവീകരിച്ചത്. 4.77 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 

മേറ്റടി കിളിയങ്ങാട് കുളം, മീത്തലെ വയൽ പെരിയച്ചൂർ കുളം, നെല്ലൂന്നി വണ്ടിക്കുളം, അയ്യല്ലൂർ കരൂഞ്ഞാൽ കുളം, കോളാരി കുളം, പഴശ്ശി വണ്ണാത്തിക്കുളം, കാരക്കുറവൻ കുളം തുടങ്ങി വിവിധ കുളങ്ങൾക്ക് പുതിയ മുഖം കൈവന്നു. കുളത്തിന്റെ വ്യാപ്തി കൂട്ടൽ, പാർശ്വഭിത്തി നിർമാണം, പടവുകൾ കെട്ടൽ, നടപ്പാത നിർമാണം എന്നിവയാണ് നടത്തിയത്. കുളം സംരക്ഷണത്തിലൂടെ ഭൂഗർഭ ജലത്തിന്റെ തോത് നിലനിർത്തുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയുമാണ് ലക്ഷ്യമിടുന്നത്. ഫണ്ട് ലഭ്യമായാൽ കൂടുതൽ ജലാശയങ്ങൾ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം 

Exit mobile version