Site iconSite icon Janayugom Online

മറ്റുള്ളവരെ മറക്കാതിരിക്കുക

നിങ്ങൾ പ്രാതലുണ്ടാക്കുമ്പോൾ
മറ്റുള്ളവരെ മറക്കാതിരിക്കുക
മാടപ്രാവിന്റെ ഭക്ഷണം മറക്കാതിരിക്കുക

നിങ്ങൾ യുദ്ധം ചെയ്യുമ്പോൾ
മറ്റുള്ളവരെ മറക്കാതിരിക്കുക
സമാധാനത്തിനു വേണ്ടി യാചിക്കുന്നവരെ

നിങ്ങൾ വെള്ളത്തിന്റെ കരമടയ്ക്കുമ്പോൾ
മറ്റുള്ളവരെ മറക്കാതിരിക്കുക
കാർമേഘം കണ്ട് ദാഹിച്ചു നിന്നവരെ

നിങ്ങൾ വീട്ടിലേക്ക്,നിങ്ങളുടെ വീട്ടിലേക്ക് മടങ്ങുമ്പോൾ
മറ്റുള്ളവരെ മറക്കാതിരികുക
ക്യാമ്പുകളിൽ കഴിയുന്ന മനുഷ്യരെ മറക്കാതിരിക്കുക

ഉറങ്ങാൻ കിടന്ന് നക്ഷത്രങ്ങൾ എണ്ണുമ്പോൾ
മറ്റുള്ളവരെ മറക്കാതിരിക്കുക
കിടന്നുറങ്ങാൻ ഒരിടമില്ലാത്തവരെ മറക്കാതിരിക്കുക

ആത്മ വിമോചനത്തിന് അലങ്കാരം ചമയ്ക്കുമ്പോൾ
മറ്റുള്ളവരെ മറക്കാതിരിക്കുക
സംസാരിക്കാൻ അവകാശമില്ലാത്തവരെ മറക്കാതിരിക്കുക

അകലെയുള്ളവരെക്കുറിച്ചാലോചിക്കുമ്പോൾ
നിങ്ങൾ നിങ്ങളെപ്പറ്റിയും ചിന്തിക്കുക
‘ഇരുളിൽ ഞാനൊരു മെഴു കുതിരിയായെങ്കിൽ’
എന്ന് സ്വയം പറയുക

Exit mobile version