കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സിഗ്നലിങ്ങിലെ പിഴവിന് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് 15 ദിവസത്തെ ട്രെയിനിങ്ങില്‍ ശിക്ഷ ഒതുക്കി. വ്യാഴാഴ്ച വൈകുന്നേരം 6.45നാണ് സിഗ്നലിങ്ങിലെ പിഴവില്‍ മംഗളൂരു — തിരുവനന്തപുരം മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറിയത്. സംഭവത്തില്‍ സ്റ്റേഷൻ മാസ്റ്ററെ പാലക്കാട് റെയില്‍വേ ഡിവിഷനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയാണ് മറ്റ് നടപടികൾ ഒന്നുമില്ലാതെ 15 ദിവസത്തെ പരിശീലനം നൽകുമെന്ന് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കിയത്. പ്ലാറ്റ്‌ഫോം ഇല്ലാത്ത ലൈനിലേക്കാണ് സ്റ്റേഷൻ മാസ്റ്റർ ട്രെയിനിന് സിഗ്നൽ നൽകിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ട്രാക്ക് മാറിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി.
അതേസമയം മാവേലി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടതായി അറിയുന്നു. സിഗ്നൽ മാറിനൽകിയെന്ന് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയോ ട്രെയിൻ അവിടെത്തന്നെ നിർത്തിയിടുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ ദീർഘദൂര ട്രെയിൻ കടന്നുപോകുന്ന ട്രാക്കിലേക്ക് ട്രെയിൻ ഓടിച്ച് കയറ്റുകയായിരുന്നു. ഈ സമയത്ത് ദീർഘദൂര ട്രെയിനുകൾ ഒന്നും ഇല്ലാതിരുന്നതിനാല്‍ അപകടമുണ്ടായില്ല. ജൂണ്‍ രണ്ടിന് ഒഡിഷയിലെ ബാലസോറില്‍ സിഗ്നലിങ്ങിലെ പിഴവ് മൂലമാണ് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 295 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. ഇത്തരത്തില്‍ ഒരു അനുഭവം മുന്നില്‍ നില്‍ക്കുമ്പോള്‍ റെയില്‍വേ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ കൂടുതല്‍ ദുരന്തത്തിലേക്ക് വഴിവയ്ക്കും.
സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ മാത്രമാണ് ഉണ്ടായതെന്നും മറ്റ് സാങ്കേതികപ്പിഴവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് റെയിൽവേയുടെ വിശദീകരണം. വ്യാഴാഴ്ച രാത്രി തന്നെ സ്റ്റേഷൻ മാസ്റ്ററോട് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിശദാംശങ്ങൾ വ്യക്തമാക്കി മറുപടി നൽകിയതിനെ തുടർന്നാണ് പാലക്കാട്ടേക്ക് വിളിപ്പിച്ച് പരിശീലനം നൽകാൻ തീരുമാനിച്ചത്. പ്രാഥമിക റിപ്പോർട്ട് കാസർകോട് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്‌ടർ റെയിൽവേക്ക് കൈമാറിയിട്ടുണ്ട്.
English Summary: Maveli Express track change incident: Training punishment for station master
You may also like this video