മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളിൽ ആരംഭിച്ച ഓൺലൈൻ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 153 റസ്റ്റ് ഹൗസുകളിലാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. എല്ലായിടത്തും ശുചിത്വവും മികച്ച ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വളരെ വേഗത്തിൽ റസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യാൻ പുതിയ സംവിധാനം സഹയാകമാകുമെന്ന് മന്ത്രി പറഞ്ഞു.
എം എസ് അരുൺകുമാർ എം എൽ എ, മുൻ എം എൽ എ ആർ. രാജേഷ്, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ. വി. ശ്രീകുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 180 ചതുരശ്ര അടി വിസ്തീർണമുള്ള കാന്റീൻ അടുക്കള, സ്റ്റോർ റൂം, ഡൈനിംഗ് ഏരിയ, ലിവിംഗ് ഏരിയ, ശുചിമുറി എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.