Site iconSite icon Janayugom Online

മാവൂർ എൻഐടി-കൊടുവള്ളി റോഡ് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും: മന്ത്രി കെ രാജൻ

k rajank rajan

എൻഐടി കൊടുവള്ളി മാവൂർ റോഡ്, കൂളിമാട് വയൽ ഭാഗം നവീകരണം എന്നിവക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. പി ടി എ റഹീം എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മാവൂർ എൻഐടി-കൊടുവള്ളി റോഡിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിവരികയാണ്. ഇതോടൊപ്പം പബ്ലിക് ഹിയറിംഗും നടത്തേണ്ടതുണ്ട്. അതിന് ശേഷം മറ്റ് സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതാണ്. മണാശ്ശേരി കൂളിമാട് റോഡിന്റെ കൂളിമാട് വയൽ ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സംയുക്ത പരിശോധന പൂർത്തീകരിച്ചതായും നോട്ടിഫിക്കേഷനുള്ള വിശദാംശങ്ങൾ ശേഖരിച്ചു വരുന്നതായും നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥന് നൽകിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. 

മാവൂർ എൻഐടി കൊടുവള്ളി റോഡിന് മാവൂർ, പൂളക്കോട്, ചാത്തമംഗലം, കൊടുവള്ളി വില്ലേജുകളിലായി 94.65 ആർസ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52.2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ ഈ പദ്ധതിയുടെ മുഖ്യ പ്രവൃത്തി വൈകുന്നതിനാൽ ജനങ്ങളുടെ പ്രയാസം പരിഗണിച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തി നടത്തുന്നതിന് 2.25 കോടി രൂപ അനുവദിക്കുകയും ആയത് ടെണ്ടർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടെണ്ടറിൽ പങ്കെടുത്തവരിൽ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത എൻ വി മോഹനൻ എന്ന കരാറുകാരൻ 2.7ശതമാനം അധിക തുകയാണ് ആവശ്യപ്പെട്ടത്. ഈ പദ്ധതിയിൽ അധിക തുക നൽകുന്നതിന് വ്യവസ്ഥയില്ലെങ്കിലും റോഡിന്റെ അവസ്ഥയും നേരത്തേ മൂന്ന് തവണ ടെണ്ടർ ചെയ്തപ്പോൾ ആരും പങ്കെടുക്കാതിരുന്നതും പരിഗണിച്ച് ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെആർ‌എഫ്‌ബി പ്രോജക്ട് ഡയരക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 4 കോടി രൂപ ചെലവിൽ നവീകരിക്കുന്ന മണാശ്ശേരി കൂളിമാട് റോഡിന്റെ മണാശ്ശേരി വയൽ ഭാഗം നവീകരണത്തിന് പൂളക്കോട് വില്ലേജിലെ 0.5322 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നും പി ടി എ റഹീം എംഎൽഎ അറിയിച്ചു.

Exit mobile version