Site iconSite icon Janayugom Online

നിയമപരമായ പദവി നഷ്ടപ്പെട്ടേക്കും; യുഎസിലെ ഉക്രെയ‍്ന്‍ പൗരന്മാര്‍ ആശങ്കയില്‍

അമേരിക്കയിലേക്ക് പലായനം ചെയ്ത രണ്ട് ലക്ഷത്തിലധികം ഉക്രെയ്നിയക്കാര്‍ അനിശ്ചിതത്വത്തില്‍. യുഎസ് മുന്‍ പ്രസിഡന്റ് ജോ ബെെഡന്‍ ആരംഭിച്ച, ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള മാനുഷിക പദ്ധതി നടപ്പിലാക്കുന്നതില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വരുത്തിയ കാലതാമസം കാരണം രണ്ട് ലക്ഷം പേര്‍ക്ക് നിയമപരമായ പദവി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. 2022 ഏപ്രിലിൽ അവതരിപ്പിച്ച മാനുഷിക പരിപാടി, രണ്ട് വർഷത്തേക്ക് ഏകദേശം 2,60,000 ഉക്രെയ്നിയക്കാർക്ക് അമേരിക്കയിൽ പ്രവേശനാനുമതി നല്‍കിയിരുന്നു.

നിയമപരമായ പദവി അവസാനിച്ചതോടെ നിരവധിപ്പേരെ ഇതിനകം നാടുകടത്തി. സാങ്കേതിക വിദഗ്ധർ, അധ്യാപകര്‍, സാമ്പത്തിക ഉപദേഷ്ടാക്കള്‍, എന്‍ജീനയര്‍മാര്‍, വിദ്യര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടയുള്ളവര്‍ക്ക് പദവി പുതുക്കലിലെ കാലതാമസം കാരണം വർക്ക് പെർമിറ്റ് നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്. യുഎസ് ഇമിഗ്രേഷൻ അധികൃതരുടെ അറസ്റ്റ് ഭയന്നാണ് മിക്കവരും കഴിയുന്നത്.ചിലർ വീട്ടിൽ തന്നെ തുടരുകയോ അമേരിക്കയിൽ നിന്ന് കാനഡ, യൂറോപ്പ്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുകയോ ആണ്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ജനുവരിയിൽ അപേക്ഷകൾ പരിഗണിക്കുന്നതും ഉക്രെയ്നിയൻ മാനുഷിക പദ്ധതികൾ പുതുക്കുന്നതും താൽക്കാലികമായി നിർത്തിവച്ചത്.

ഉക്രെയ‍്നിയന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി ഓവല്‍ ഓഫിസില്‍ നടന്ന വാക്കുതര്‍ക്കത്തിനു ശേഷം, ഉക്രെയ‍്നിയക്കാരുടെ നിയമപരമായ പദവി പൂര്‍ണമായും റദ്ദാക്കണോ വേണ്ടയോ എന്ന് ആലോചിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. മേയില്‍ അപേക്ഷകൾ പരിഗണിക്കുന്നത് പുനരാരംഭിക്കാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതിനുശേഷം, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഉക്രെയ‍്നിയക്കാരുടെയും മറ്റ് വിദേശ പൗരന്മാരുടെയും 1,900 പുതുക്കൽ അപേക്ഷകൾ മാത്രമേ പരിഗണിച്ചിട്ടുള്ളു. ഇത് നിയമപരമായ പദവി കാലഹരണപ്പെടുന്നവരുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് കഴിഞ്ഞ ആഴ്ച ഒരു കേസിന്റെ ഭാഗമായി പുറത്തിറക്കിയ യുഎസ് സർക്കാർ ഡാറ്റയിൽ പറയുന്നു. 

Exit mobile version