ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ച് ഏകദേശം 20 കോടി ലഡു തയ്യാറാക്കിയതായി റിപ്പോർട്ട്. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ വിതരണം ചെയ്ത 48.76 കോടി ലഡുകളിൽ 20 കോടിയോളം എണ്ണത്തിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ചിരുന്നെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) ട്രസ്റ്റ് ബോർഡ് ചെയർമാൻ ബി ആർ നായിഡു അറിയിച്ചത്. ക്ഷേത്ര പ്രസാദത്തിൽ മായം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ക്ഷേത്രത്തിലെ ദൈനംദിന തിരക്ക്, സംഭരണ വിവരങ്ങൾ, ഉൽപ്പാദന‑വിൽപ്പന കണക്കുകൾ എന്നിവ കണക്കാക്കിയാണ് അധികൃതർ 20 കോടി എന്ന കണക്കിലേക്ക് എത്തിച്ചേർന്നത്.
ഈ അഞ്ച് വർഷത്തിനിടെ 11 കോടി ഭക്തർ ക്ഷേത്രം സന്ദർശിച്ചതായാണ് കണക്ക്. മായം ചേർത്ത നെയ്യ് കൊണ്ട് നിർമ്മിച്ച ലഡു ആർക്കാണ് ലഭിച്ചതെന്ന് നിർണയിക്കാൻ നിലവിൽ മാർഗ്ഗമില്ല. ഏകദേശം 250 കോടി രൂപ വിലമതിക്കുന്ന 68 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് ലഡു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയിരുന്നു. പാം ഓയിൽ, പാം കേർണൽ ഓയിൽ, മറ്റ് വിഷവസ്തുക്കൾ എന്നിവയുമായിട്ടാണ് ഇത് കലർത്തിയിരുന്നത്. കഴിഞ്ഞ വർഷമായിരുന്നു പ്രസാദത്തിൽ മായം ചേർത്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള എസ് ഐ ടി അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് മുൻ ടി ടി ഡി ചെയർമാനും വൈ എസ് ആർ സി പി എംപിയുമായ വൈ വി സുബ്ബ റെഡ്ഡിയെ എസ് ഐ ടി. അടുത്തിടെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മുൻ സഹായി ചിന്ന അപ്പണ്ണ അറസ്റ്റിലായിട്ടുണ്ട്. ടി ടി ഡി മുൻ എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ റെഡ്ഡിയെയും എസ് ഐ ടി ചോദ്യം ചെയ്തു.

