Site iconSite icon Janayugom Online

ഉക്രെയ്‌നിലെ നഗരത്തില്‍ റഷ്യയുടെ മേയര്‍

റഷ്യയുടെ നിയന്ത്രണത്തിലായ ഉക്രെയ്‌നിലെ മെലിറ്റോപോള്‍ നഗരത്തില്‍ റഷ്യ പുതിയ മേയറെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട മേയറെ റഷ്യന്‍ സൈന്യം തടവിലാക്കിയ ശേഷമാണ് പുതിയ മേയറെ നിയമിച്ചത്. സാപോറോഷെയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയര്‍ ഇവാന്‍ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.

സിറ്റി കൗണ്‍സില്‍ അംഗമായ ഗലീന ഡാനില്‍ചെങ്കോയാണ് പുതിയ മേയറെന്ന് സാപോറോഷെ റീജണല്‍ അഡ്മിനിസ്ട്രേഷന്‍ വെബ്സൈറ്റില്‍ പറയുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാല്‍ ഗലീന ഡാനില്‍ചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, മേയറെ റഷ്യന്‍ സൈന്യം ഉടന്‍ വിട്ടയക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലന്‍സ്‌കി ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; May­or of Rus­sia in the city of Ukraine

You may also like this video;

Exit mobile version