Site iconSite icon Janayugom Online

മഴ വരയ്ക്കുന്നവർ

ഉണക്കാനോർമ്മകൾ
നിരത്തിയിട്ടതും
മഴപെയ്യും മുമ്പു
മടക്കിവച്ചതും
മണൽക്കാഴ്ച നോക്കി
നരച്ച ചിത്രമായ്
വരച്ചു കുട്ടികൾ
കടലിൻ കൂട്ടുകാർ
വിരഹഗാനങ്ങ-
ളുറഞ്ഞ വേളയിൽ
തിരമായ്ച കഥ
മെനഞ്ഞസന്ധ്യയിൽ
ഇരുട്ടുതേച്ചിട്ടു
കരയ്ക്കിരിക്കുന്നു
നിരനിരയായി
നിഴലിൻ കൊറ്റികൾ
പിഴച്ച വാക്കുകൊ-
ണ്ടെഴുതി വയ്ക്കുന്നു
പതിരു ചേറുന്ന
പഴമ്പുരാണങ്ങൾ
പഴങ്കഥകളോ
കുടഞ്ഞു വീഴ്ത്തുന്നു
മുഖം മറച്ചൊരു
ജഡം കിടക്കുന്നു
പരശതം റീത്ത്
സ്മൃതിപ്പുറ്റാകുന്നു
അകപ്പുണ്ണും കാട്ടി-
യിഴഞ്ഞൊരു പുഴ
ഉരിഞ്ഞു മാറ്റിയ
പഴങ്കുപ്പായമായ്
ചരിത്ര പുസ്തകം
തിരുത്തി മാറ്റുവാൻ
വഴി വളയ്ക്കുന്നു
വരി പുകയ്ക്കുന്നു
പഴയ കാവുമാ
കുളങ്ങളും നോക്കി
ഇടതുകണ്ണിലേ-
ക്കിരുട്ടു കേറുന്നു
തുരന്നു നാമെത്ര
തെരഞ്ഞു ചെന്നിട്ടും
അനക്കമില്ലാതെ
പുഴ കിടക്കുന്നു
ചെവിയടുപ്പിച്ചു
പിടിച്ചു നോക്കവേ
മിടിപ്പില്ല,യിമ
ഇളക്കമേയില്ല
അടുത്തു ഭ്രൂണമായ്
മഴ കരയുന്നു
ചുവരിൽ ചിത്രങ്ങ
ളെടുത്തു വയ്ക്കുന്നു
പകലിനെ കൊത്തി
പറന്നു ചെന്നപ്പോൾ
വഴിയിൽ മേഘങ്ങ-
ളുരുണ്ടു വീഴുന്നു
കിനാവു പായുന്ന
തിരയിൽ രാത്രിയിൽ
ഭയത്തിൻ കുറ്റിക-
ളെഴുന്നു നില്‍ക്കുന്നു
കടൽക്കോളിൽ കാറ്റ്
ചുരുണ്ടു കൂടുമ്പോൾ
അകലെകൊളളിയാൻ
അലച്ചു പായുമ്പോൾ
മഴ വരയ്ക്കുന്നു
കടലിൻ കുഞ്ഞുങ്ങൾ
മടുപ്പു കക്കുന്നു
ഇടഞ്ഞ മേഘങ്ങൾ 

Exit mobile version