ഒരുമഴമേഘം പെരിയവർഷമാ-
യിളയെ നാദതരംഗമാക്കുന്ന,
അതുലതീവ്രതപസുചെയ്യുമ്പോൾ
കുളിരണിഞ്ഞ പുൽക്കൊടിയിലും നറു-
കതിരണിഞ്ഞ നെൽവയലിലും
തളിരണിഞ്ഞ നൽക്കനവിലും മൃദു -
രാഗമൂർന്നയാൺകുയിലിലും
നിറഞ്ഞുനിൽക്കയാണഭൗമശാന്തിതൻ
താളബദ്ധമാം കനിവുകൾ
നറുങ്കിനാവിന്റെ മരുന്നുമായ്
നിലച്ചിടാത്ത ചുവടുമായ്
മഞ്ഞുപർവതനെറുകയിൽ
തപസുചെയ്യുന്ന ഗായകാ
കനലുകോരിയ വിരലിനാൽ
തബലതൻനിലമുഴുതുമ്പോൾ
മന്ത്രബന്ധുരനാദതാരകൾ
സ്വർണധാന്യമായ് ചിതറുന്നു
വിശുദ്ധിതൻഘനഗഗനഗോപുരം
നിനക്കുമുന്നിൽ നമിക്കുന്നു
ഏഴുസാഗരവീചികൾ തവ
നാദധാരശ്രവിക്കുന്നു
ഏതപൂർവമാം ജന്മവേദിയിൽ
നിന്നു നിൻ തബലപാടുമ്പോൾ
ഏതുസൂര്യന്റെ പ്രകാശത്തിലാ-
ണെന്റെ കണ്ണുകൾ തെളിഞ്ഞതു്
ഒരു മഴമേഘംപോലെ നീ പെയ്തു
ഗംഗയെ നിറച്ചുപോകിലും
കനിവിനാൽ നാദഗംഗയാറിനി
വരണ്ടുപോകില്ലൊരിക്കലും