Site iconSite icon Janayugom Online

മഴപ്പേടി

മഴവരുന്നു പേമഴ
കുടിലിനുള്ളിലാരെല്ലാം
കിടുകിടെ വിറച്ചു കൊണ്ടൊ-
രമ്മയും കിടാങ്ങളും.

മഴയെനിക്കു പേടിയാണ്
പുലിയിറങ്ങി വന്നപോല്‍.

മഴകലിച്ചു കാറ്റുമായ്‌
വിരലു കോര്‍ത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം.

മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോല്‍.

മഴ വെളുത്ത തുമ്പിയാല്‍
കടലുയര്‍ത്തിയെറിയവേ
വലയില്‍ വീണു ജീവിത-
ക്കരയിടിഞ്ഞു താഴവേ

മഴയെനിക്കു പേടിയാണ്
ദുരിതദംഷ്ട്ര കണ്ടപോല്‍

മലകള്‍ പോലെ തിരകളും
ചുഴലിപോലെ ചുഴികളും
ഇരുളുകീറി മിന്നലും
മുടിയഴിഞ്ഞ രാത്രിയും
വറുതി തിന്ന പകലിലെ
വെയിലുകാര്‍ന്ന താളവും

മഴയെനിക്കു പേടിയാണ്
അലറിടും മൃഗങ്ങള്‍ പോല്‍

മുകളിലത്തെ സൈനികര്‍
പട നയിച്ചു കേറിയോ
ഇടിയിലെന്റെ മുളകളും
ചെടികളും കരിഞ്ഞുവോ
വയലിലും വരമ്പിലും
മരണബോംബ് വീണുവോ
ഒടുവിലത്തെയോര്‍മ്മയില്‍
പെശറു കേറിയോടിയോ?

മഴയെനിക്കു പേടിയാണ്
അരികില്‍ വന്ന ജ്വാല പോല്‍.

ഭവനഭദ്രതയ്ക്കു നീ
മതിലുകെട്ടി വാഴുവോന്‍
മഴ നിനക്കു പ്രണയവും
മധുവുമൊക്കെയായിടാം.

മഴയെനിക്കു പേടിയാണ്
ഗ്രഹനിപാതമെന്നപോല്‍.

ഉരുളു പൊട്ടി
നെഞ്ചിലെ മടകള്‍ പൊട്ടി
മണ്ണിന്‍റെ കരളുപൊട്ടി
പുഴയിലെ അണകള്‍ പൊട്ടി
ആയിരങ്ങള്‍
ജീവമുകുളകോടികള്‍
നിലവിളിച്ചു
മൃതിരുചിച്ചു
ചലനരഹിതരാകവേ

മഴയെനിക്കു പേടിയാണ്
പേടിയാണ്
പേടിയാണ്
കൊടുവസൂരി വന്നപോല്‍
ജലസമാധിയെന്നപോല്‍.

Exit mobile version