Site icon Janayugom Online

അമേരിക്കൻ സംസ്ഥാനമായ ന്യൂ ജനപ്രതിനിധിസഭയുടെ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി വീഡിയോകോൺഫറൻസ് നടത്തി സ്പീക്കർ എം ബി രാജേഷ്

അമേരിക്കൻ സംസ്ഥാനമായ ന്യൂ ജനപ്രതിനിധിസഭയുടെ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വീഡിയോകോൺഫറൻസ് നടത്തി. കേരളത്തിൽ കോവിഡ് മഹാമാരിയെ എങ്ങനെയാണ് പ്രതിരോധിച്ചത് എന്നത് സംബന്ധിച്ച്‌ ബ്രയാൻ ഇഗോൾഫ് ചോദിക്കുകയുണ്ടായി. കേരളത്തിലെ ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യരക്ഷാ സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകയ്യും ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും കൊണ്ടാണ് മരണനിരക്ക് ഏറ്റവും കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ മഹാമാരിയെ നേരിട്ടതെന്ന് എംബി രാജേഷ് വിശദീകരിച്ചു.

അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡ്- 19 നെ പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ന്യൂ മെക്സിക്കോ. അതിൻ്റെ അനുഭവങ്ങൾ അദ്ദേഹവും കൈമാറി. ശ്രീ. ബ്രയാൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ശ്രീമതി റീന ഷെവിൻസ്കി, ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (ALA) യുടെ പ്രവർത്തകരും സുഹൃത്തുക്കളുമായ പ്രദീപ് പിള്ള, കിരൺ ചന്ദ്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വിവിധ മേഖലകളിൽ സഹകരിക്കാമെന്നും ആശയ വിനിമയം തുടരാമെന്നും പറഞ്ഞാണ് ഓൺലൈൻ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദിച്ചു കൊണ്ട് മെക്സിക്കൻ സ്പീക്കർ ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. താടിയും കണ്ണടയും ഉള്ള മറ്റൊരു സ്പീക്കർ സ്ഥാനമേറ്റിരിക്കുന്നു, അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

ബ്രയാൻ്റെ ചീഫ് ഓഫ് സ്റ്റാഫ് റീന ഷെവിൻസ്കി കേരളത്തിൽ വേരുകളുള്ള ആളാണ്. അവർ വഴിയാണ് ബ്രയാൻ കേരള സ്പീക്കറെക്കുറിച്ച് മനസ്സിലാക്കിയത്. എം ബി രാജേഷ് അദ്ദേഹത്തിന് നന്ദി പറഞ്ഞും ആശംസിച്ചും മറുപടി അയച്ചു. ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്താമെന്ന ധാരണയുണ്ടാവുകയും ചെയ്തു. ബ്രയാൻ കഴിഞ്ഞ അഞ്ചു വർഷമായി ന്യൂ മെക്സിക്കോയുടെ സ്പീക്കറായി പ്രവർത്തിക്കുകയാണ്. കേരള നിയമസഭാ സ്പീക്കർ ചുമതലയേറ്റിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. എന്നാൽ വളരെ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും അതിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

തുല്യത, സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശങ്ങൾ എന്നിവക്കു വേണ്ടി ശക്തമായി പോരാടുന്ന നേതാവാണ് ബ്രയാൻ. സ്ത്രീകൾക്ക് തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യമുയർത്തി ശക്തമായ പ്രക്ഷോഭം അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്നു.

You may also like this video:


.

Exit mobile version