കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളില്‍ സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് റയല്‍ മാഡ്രിഡ്. വിയ്യാറയലിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഏഴാം മിനിറ്റിൽ യുവാൻ ഫോയ്ത് നേടിയ ഗോളില്‍ റയലിനെ ഞെട്ടിച്ച് സ്വന്തം തട്ടകത്തിൽ വിയ്യാറയൽ ലീഡെടുത്തു. എന്നാൽ റയൽ മികച്ച നീക്കങ്ങളുമായി തിരിച്ചുവരുകയും ഏഴ് മിനിറ്റിനിടെ എംബാപ്പെ രണ്ടുതവണ വലകുലുക്കയും ചെയ്തു.
17-ാം മിനിറ്റിലും 23-ാം മിനിറ്റിലുമാണ് എംബാപ്പെയുടെ ഗോളുകളെത്തിയത്. 18 മത്സരങ്ങളിൽനിന്ന് 18 ജയവും ആറ് സമനിലയും സഹിതം 60 പോയിന്റുമായാണ് റയല്‍ തലപ്പത്തെത്തിയത്. രണ്ടു മത്സരം കുറവു കളിച്ച ബാഴ്സലോണ 57 പോയിന്റുമായി രണ്ടാമതും, ഒരു മത്സരം കുറവു കളിച്ച അത്‍ലറ്റിക്കോ മാഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റു മത്സരങ്ങളിൽ സെൽറ്റ വിഗോ റയൽ വല്ലാഡോലിഡിനെയും (1–0), മയ്യോർക്ക എസ്പാന്യോളിനെയും (2–1) തോല്പിച്ചു. അതേസമയം ജിറോണ–വലെൻസിയ മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു. ജിറോണ 11-ാമതും വലെന്‍സിയ 16-ാം സ്ഥാനത്തുമാണ്.

