ലാലിഗയില്‍ രണ്ടാം മല്‍സരത്തിലും ജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. പുതുതായി പ്രമോഷൻ ലഭിച്ച റയല്‍ ഒവെയ്‌ഡോക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ജയം. ഇരട്ട ഗോളുമായി കിലിയൻ എംബാപ്പെ തിളങ്ങിയ മല്‍സരത്തില്‍ ശേഷിക്കുന്ന ഒരു ഗോള്‍ വിനീഷ്യസും സ്വന്തമാക്കി. റയൽ ഒവെയ്‌ഡോ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 37, 83 മിനിറ്റുകളിലായിരുന്നു എംബാപ്പെ വലകുലുക്കിയത്. ഇഞ്ചുറി ടൈമില്‍ വിനീഷ്യസിലൂടെ റയല്‍ മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
മത്സരത്തില്‍ മാഡ്രിഡിന്റെ പൂർണ ആധിപത്യമായിരുന്നു കണ്ടത്. 65 ശതമാനത്തോളം സമയവും പന്ത് നിലനിർത്തിയ മാഡ്രിഡ് 10 ഷോട്ടുകൾ ഓൺ ടാർഗറ്റ് കളിച്ചു. എതിരാളികൾക്ക് മൂന്ന് ഷോട്ട് മാത്രമാണ് ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ സാധിച്ചത്. ഏകദേശം 25 ഓളം വർഷങ്ങൾക്ക് ശേഷമാണ് ഒവെയ്‌ഡോ സ്പാനിഷ് ലീഗിൽ തിരിച്ചെത്തിയത്. രണ്ട് മത്സരവും ജയിച്ച് റയലിപ്പോൾ ആറ് പോയിന്റുമായി ബാഴ്‌സലോണക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്. വിയ്യാറയലാണ് ഒന്നാമതുള്ളത്.
പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരം 1–1 സമനിലയില്‍ പിരിഞ്ഞു. ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രേവന്‍ കോട്ടേജിലായിരുന്നു മല്‍സരം. 58-ാം മിനിറ്റില്‍ ഫുള്‍ഹാം താരം റോഡ്രിഗോ മുനിസിന്റെ സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി. എന്നാല്‍ പകരക്കാരനായി വന്ന എമില്‍ സ്മിത്ത് റോവി 73-ാം മിനിറ്റില്‍ ഫുള്‍ഹാമിനായി സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ബ്രൂണോ ഫെര്‍ണാണ്ടസ് പാഴാക്കി. സീസണിലെ രണ്ട് മത്സരത്തിലും ഗോള്‍ കണ്ടെത്താന്‍ അമോറിമിന്റെ യുണൈറ്റഡിന് സാധിച്ചിട്ടില്ല.
എംബാപ്പെ മിന്നി; റയലിന് ജയം

