സംസ്ഥാനത്തെ നാല് മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റുകളുടെ അംഗീകാരം ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞദിവസം ആരോഗ്യസർവകലാശാല വിസി യോഗം വിളിച്ചിരുന്നു.
വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കോളജ് ആധികൃതരും പറയുന്നത്. എംബിബിഎസ് പ്രവേശനത്തിന്റെ അഖിലേന്ത്യാ ക്വാട്ടയിൽ ഈ മെഡിക്കൽ കോളജുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെയും സീനിയർ റസിഡൻസിന്റെയും കുറവാണ് അംഗീകാരം നഷ്ടമാകാൻ കാരണം. അര നൂറ്റാണ്ട് പ്രവർത്തന പരിചയമുള്ള ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ, പരിയാരം മെഡിക്കൽ കോളജുകൾക്കെതിരെയാണ് നടപടി ഉണ്ടായത്.
മെഡിക്കൽ കോളജിൽ 11 ശതമാനം അധ്യാപകരുടെ കുറവ്, സുരക്ഷാപ്രശ്നങ്ങൾ എന്നിവ വിലയിരുത്തിയാണ് നടപടി ഉണ്ടായിരിക്കുന്നത്. പൊതുസ്ഥലം മാറ്റവും സ്വകാര്യ പ്രാക്ടീസ് നടത്തിയവരെ സ്ഥലം മാറ്റിയതുമാണ് അധ്യാപകരുടെ കുറവിനു കാരണമെന്നു കോളജ് അധികൃതർ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു ചില മെഡിക്കൽ കോളജുകളിലും സമാന പ്രശ്നങ്ങൾ കമ്മിഷൻ കണ്ടെത്തി നടപടിയെടുത്തിട്ടുണ്ട്.
അടുത്തിടെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 450 സീറ്റിന്റെ അനുമതി കമ്മിഷൻ പിൻവലിച്ചിരുന്നു. കമ്മിഷൻ കണ്ടെത്തിയ പ്രശ്നങ്ങൾ പിന്നീടു പരിഹരിച്ചതിനാൽ സീറ്റുകൾ പുനഃസ്ഥാപിച്ചു. 2015ലും സൗകര്യങ്ങൾ കുറവാണെന്ന പേരിൽ ആലപ്പുഴ മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. അന്ന് അപ്പീൽ നൽകിയാണ് അംഗീകാരം പുനഃസ്ഥാപിച്ചത്.
English Summary:MBBS; Medical Colleges with appeal
You may also like this video