Site iconSite icon Janayugom Online

പണം ഉള്ളവര്‍ക്ക് മാത്രം എംബിബിഎസ്‌ പഠനം; മധ്യപ്രദേശിൽ ഫീസ് കുത്തനെ കൂട്ടി

മധ്യപ്രദേശിലെ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ. പുതിയ ഉത്തരവ് പ്രകാരം വർഷം 12.6 ലക്ഷം രൂപയാണ് ഒരു വിദ്യാർത്ഥി ഫീസായി നൽകേണ്ടി വരിക.
വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന മോഹൻ യാദവ് സർക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. മുൻ വർഷങ്ങളിൽ എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെയായിരുന്ന വാർഷിക ഫീസാണ് ഒറ്റയടിക്ക് 12.6 ലക്ഷത്തിലേക്ക് ഉയർത്തിയത്.
ഹോസ്റ്റൽ ഫീസും മറ്റ് അനുബന്ധ ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തുക. മെഡിക്കൽ വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ‘മധ്യപ്രദേശ് മോഡൽ’ വിദ്യാർത്ഥി വിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഫീസ് വർദ്ധനവിനെതിരെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമരരംഗത്താണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സീറ്റ് ലഭിച്ചാലും ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വായ്പയെടുത്ത് പഠിക്കാമെന്ന് വച്ചാൽ പോലും ഭാവിയിൽ വലിയ കടക്കെണിയിലേക്കാണ് ഇത് വിദ്യാർത്ഥികളെ തള്ളിവിടുന്നത്. ബിജെപിയുടെ ഈ പകൽക്കൊള്ളയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

Exit mobile version