Site iconSite icon Janayugom Online

എം സി ജോസഫൈൻ അന്തരിച്ചു

സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ അന്തരിച്ചു. സി പി ഐ എം പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. 74 വയസ്സായിരുന്നു.

പ്രായാധിക്യം കാരണം ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. നേരത്തെ ഹൃദ് രോഗത്തിന് ചികിത്സയിലായിരുന്ന ജോസഫൈൻ ഇന്നലെ രാവിലെയായിരുന്നു പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണത്.

സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ്‌ (2017 ‑2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

വിദ്യാർഥി — യുവജന — മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. വൈപ്പിൻ മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.

1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര — മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി എ മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.

Eng­lish sum­ma­ry; MC Josephine passed away

You may also like this video;

Exit mobile version