രാജ്യത്ത് പച്ചക്കറി വിലക്കയറ്റം ചർച്ചയാവുന്നതിനിടെ ലോകപ്രശസ്ത ഭക്ഷ്യശൃംഖലയായ മക്ഡോണാൾഡ് മെനുവിൽ നിന്ന് തക്കാളി ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. പല ഭക്ഷ്യോൽപന്നങ്ങളും തക്കാളി ചേർക്കാതെയാണ് മക്ഡോണാൾഡ് വിളമ്പുന്നത്. ഇതിന്റെ ചിത്രങ്ങളും ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അതേസമയം, വിലക്കയറ്റമല്ല തക്കാളി മെനുവിൽ നിന്നും ഒഴിവാക്കാനുള്ള കാരണമെന്നാണ് മക്ഡോണാൾഡ് വിശദീകരിക്കുന്നത്.
മക്ഡോണാൾഡിന്റെ നിലവാരത്തിന് അനുസരിച്ചുള്ള തക്കാളി ലഭിക്കുന്നില്ലെന്നാണ് കമ്പനിയുടെ പരാതി. ലോകനിലവാരത്തിലുള്ള ഭക്ഷ്യവസ്തുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് കമ്പനിക്ക് നിർബന്ധമുണ്ട്. എന്നാൽ, ആ നിലവാരത്തിലുള്ള തക്കാളി ഇപ്പോൾ ലഭിക്കുന്നില്ല. അതിനാലാണ് മെനുവിൽ നിന്നും തക്കാളി ഒഴിവാക്കിയതെന്ന് മക്ഡോണാൾഡ് കൊണാട്ട് പ്ലേസ് ഔട്ട്ലെറ്റ് അധികൃതർ അറിയിച്ചു.
രണ്ട് ഫ്രാഞ്ചൈസികളാണ് ഇന്ത്യയിൽ മക്ഡോണാൾഡ് സ്റ്റോറുകൾ നടത്തുന്നത്. സഞ്ജീവ് അഗർവാളിന്റെ എം.എം.ജി ഗ്രൂപ്പ് വടക്ക്, കിഴക്കൻ ഇന്ത്യയിൽ ഫ്രാഞ്ചൈസികൾ നൽകുമ്പോൾ വെസ്റ്റ്ലൈഫ് ഗ്രൂപ്പാണ് മറ്റ് പ്രദേശങ്ങളിൽ സ്റ്റോറുകൾ നടത്തുന്നത്.
തക്കാളിയുടെ ലഭ്യതക്കുറവാണ് മെനുവിൽ നിന്നും തക്കാളി ഒഴിവാക്കാനുള്ള കാരണമെന്നും പഞ്ചാബ്-ഛണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളിലെ റസ്റ്ററന്റുകളിലാണ് പ്രശ്നം ഗുരുതരമെന്ന് കമ്പനിയുടെ നോർത്ത്-ഈസ്റ്റ് ഇന്ത്യ വക്താവ് അറിയിച്ചു. തക്കാളി മെനുവിൽ തിരിച്ചെത്തിക്കാനായി തീവ്രശ്രമം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
english summary;Tomato removed from McDonald’s menu; This is the reason
you may also like this video;