- ആദൂരില്‍ പിടികൂടിയത് 10 ലക്ഷം വിലമതിക്കുന്ന ലഹരിമരുന്ന്
ജില്ലയില്‍ മൂന്നിടങ്ങളിലായി വാഹനപരിശോധനയില്‍ എംഡിഎംഎ യുമായി ഏഴ് പേര്‍ പിടിയില്‍. ആദൂരില്‍ കാറില്‍ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുമായി നാലുപേരും, തൃക്കരിപ്പൂരില്‍ വാഹന പരിശോധനക്കിടെ 2.70 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരും പിലിക്കോട്ട് നിന്ന് 1.50 ഗ്രാമുമായി ഒരാളുമാണ് പിടിയിലായത്. കാറില്‍ കടത്തിയ എംഡിഎംഎ യുമായി കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ഖ് അബ്ദുള്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ധിഖ് എന്നിവരെയാണഎക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി രഹസ്യവിവരത്തെ തുടര്‍ന്നാണ് ആദൂര്‍ കുണ്ടാറില്‍ വാഹനപരിശോധന നടത്തുന്നതിനിടെ എംഡിഎംഎയുമായി വരികയായിരുന്ന കാര്‍ തടഞ്ഞതെന്ന് എക്‌സൈസ് പറഞ്ഞു. 10 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം മയക്കുമരുന്ന് കാറിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാറും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത എക്‌സൈസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വില്‍പ്പനക്കായാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് വ്യക്തമാക്കി. അതിനിടെ ആദൂരില്‍ നിന്ന് എം ഡി എം എ മയക്കുമരുന്ന് പിടികൂടിയത് എക്‌സൈസ് അല്ലെന്നും തങ്ങളാണെന്നും പൊലീസ്. എന്നാല്‍ പൊലീസല്ല തങ്ങളാണ് മയക്കുമരുന്ന് പിടിച്ചതെന്ന് എക്‌സൈസ് പറയുന്നു. പൊലീസ് പറയുന്നത് രഹസ്യവിവരത്തെ തുടര്‍ന്ന് എംഡിഎംഎ കടത്തുന്ന സംഘത്തെ പിടികൂടാന്‍ ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ അനില്‍കുമാറിന്റെനേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ ശ്രമം നടത്തിവരികയായിരുന്നു. റിറ്റ്‌സ് കാറില്‍ കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്നതറിഞ്ഞ് ഈ കാറിനെ കര്‍ണാടകയില്‍ നിന്ന്പൊലീസ് പിന്തുടർന്നു. പൊലീസാണെന്ന് അറിയാതിരിക്കാന്‍ രണ്ട് കാറുകളിലായിരുന്നു റിറ്റ്‌സ് കാറിനെ പിന്തുടര്‍ന്നത്. മയക്കുമരുന്ന് കടത്തുകാര്‍ സഞ്ചരിച്ച കാര്‍ ആദൂര്‍ പൊലീസ് സ്‌റ്റേഷന് സമീപം പടിയത്തടുക്കയില്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറുകള്‍ കുറുകെയിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ജീപ്പെത്തി കുറുകെയിടുകയും സംഘത്തെ ഇവര്‍ പിടികൂടി കൊണ്ടുപോവുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കൂടാതെ തൃക്കരിപ്പൂരില്‍ വാഹന പരിശോധനക്കിടെ 2.70 ഗ്രാം എംഡിഎംഎയുമായി പടന്ന കൈപ്പാട് സ്വദേശി ബി സി റാഷിദ് (32), പടന്ന കാവുന്തല സ്വദേശി സി എച്ച് അബ്ദുൾറഹ്മാൻ (32) എന്നിവരെ പടന്ന തോട്ടുകരയിൽ നിന്നും ചന്തേര പൊലീസ് ഇൻസ്പെക്ടർ പി നാരായണനും സംഘവും അറസ്റ്റ് ചെയ്തതു. കൂടെയുണ്ടാായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പിലിക്കോട്ട് നിന്ന് 1.50 ഗ്രാം എംഡിഎംഎയുമായി ഒരാളെയാണ് പിടിയിലായത്. കെഎല്‍ 60 എച്ച് 2030 നമ്പര്‍ ബുള്ളറ്റുംപിടികൂടി. ബുള്ളറ്റ് ഓടിച്ചയാള്‍ രക്ഷപെട്ടു. എംഡിഎംഎ വില്‍പനക്ക് തയാറാക്കിയ നിലയിലായിരുന്നു. രക്ഷപെട്ടയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ചന്തേര സിഐ, പി നാരായണന്‍, എസ്‌ഐ, എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.