Site icon Janayugom Online

അഞ്ചാംപനി വ്യാപനം രൂക്ഷം: വാക്സിന്‍ അധികഡോസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

measels

രാജ്യത്ത് അഞ്ചാംപനി വ്യാപനം രൂക്ഷമായതോടെ വാക്സിൻ അധിക ഡോസ് നൽകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഒമ്പത് മാസം മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അഞ്ചാംപനി, റുബെല്ല തുടങ്ങിയവ തടയുന്നതിന് വാക്സിൻ അധിക ഡോസ് നൽകുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പി അശോക് ബാബു അയച്ച കത്തില്‍ പറയുന്നു. പതിവ് കുത്തിവയ്പ് ഷെഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

മുംബൈയിൽ അഞ്ചാംപനി കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. കഴിഞ്ഞ ദിവസം അഞ്ചാംപനി ബാധിച്ച് മുംബൈയില്‍ എട്ട് മാസം പ്രായമായ കുട്ടി മരിച്ചിരുന്നു. ഇതോടെ മരണസംഖ്യ 12 ആയതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യം മുതൽ അണുബാധിതരുടെ എണ്ണം 233 ആയി ഉയർന്നിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില ജില്ലകളില്‍ കേസുകൾ വർധിച്ചുവരുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് കോവിഡ് മഹാമാരിക്കിടെ 2021ൽ മാത്രം അഞ്ചാംപനി വാക്സിൻ ഡോസ് നഷ്ടമായ 40 ദശലക്ഷം കുട്ടികളുണ്ട്. 25 ദശലക്ഷം കുട്ടികൾക്ക് അവരുടെ ആദ്യ ഡോസ് നഷ്ടമായപ്പോൾ 14.7 ദശലക്ഷം പേർക്ക് രണ്ടാമത്തെ ഡോസ് നഷ്ടമായി.
കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ അഞ്ചാംപനി വാക്‌സിനേഷൻ കവറേജ് ക്രമാനുഗതമായി കുറഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. കോവിഡ് വാക്സിനേഷൻ വലിയ രീതിയില്‍ രാജ്യത്ത് നടന്നപ്പോള്‍ പതിവ് പ്രതിരോധ കുത്തിവയ്പുകള്‍ തടസപ്പെട്ടതായും അത് ദശലക്ഷക്കണക്കിന് കുട്ടികൾക്ക് മാരക രോഗങ്ങൾക്കെതിരായ ജീവൻരക്ഷാ കുത്തിവയ്പുകൾ നഷ്‌ടപ്പെടുത്തിയതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നേരത്തെ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Measles out­break: Cen­tral gov­ern­ment orders to give extra dose of vaccine

You may also like this video

Exit mobile version