Site iconSite icon Janayugom Online

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മാധ്യമ വിലക്ക്; വികടന്‍ വാരിക നിയമനടപടിക്ക്

നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ചതിന് വെബ്സൈറ്റ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ് പ്രസിദ്ധീകരണമായ വികടന്‍ നിയമ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് നിയമ പോരാട്ടം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നിയമ‍ജ്ഞരുമായി സ്ഥാപന അധികൃതര്‍ ചര്‍ച്ച നടത്തി. 

കഴിഞ്ഞമാസം 10ന് ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്ക ചങ്ങലയില്‍ ബന്ധിച്ച് തിരിച്ചെത്തിച്ചതില്‍ പ്രതിഷേധിച്ചാണ് വികടന്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. യുഎസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കയ്യും കാലും ബന്ധിച്ച് നരേന്ദ്ര മോഡി വിഷണ്ണനായി ഇരിക്കുന്ന ചിത്രം വ്യാപക പ്രശംസ നേടിയിരുന്നു.
കുറ്റവാളികളെ പോലെ ഇന്ത്യക്കാരെ എത്തിച്ചതില്‍ പ്രതിപക്ഷവും സന്നദ്ധ സംഘടനകളും തിരികെയെത്തിയവരുടെ ബന്ധുക്കളും പ്രതിഷേധമുയര്‍ത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ മൗനം പാലിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ചാണ് യുഎസ് നാടുകടത്തുന്നതെന്നും എസ് ജയശങ്കര്‍ ന്യായീകരിക്കുകയും ചെയ്തു. 

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ ബിജെപി തമി‌‌‌ഴ‌്ന‌ാട് ഘടകം കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി. പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കാതെ വെബ്സൈറ്റ് നിരോധിച്ചത്. കഴിഞ്ഞ മാസം 15നായിരുന്നു വെബ്സൈറ്റ് നിരോധിച്ചത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതെന്ന നിലപാടാണ് സ്ഥാപനം ഉയര്‍ത്തുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ദിനംപ്രതി ഭീഷണി നേരിടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു വികടന്‍ വെബ്സൈറ്റ് നിരോധനം. 

Exit mobile version