Site icon Janayugom Online

ലീഗിലെ മാധ്യമവിലക്ക്: ലക്ഷ്യം മുനീറും കെ എം ഷാജിയും

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നേതാക്കൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ മുസ്ലിം ലീഗ് നടപടി എം കെ മുനീർ, കെ എം ഷാജി ഉൾപ്പെടുന്ന നേതാക്കളെ നിയന്ത്രിക്കാൻ. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ യോജിക്കാവുന്ന എല്ലാ സംഘടനകളോടും യോജിക്കാനാണ് ലീഗ് തീരുമാനം.
എൽഡിഎഫ് സംഘടിപ്പിക്കുന്ന ഏകീകൃത സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കുന്നത് യുഡിഎഫിനെ ദുർബലപ്പെടുത്തില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും കോൺഗ്രസിനെ സഹായിക്കുന്ന തരത്തിൽ എം കെ മുനീർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഈ നടപടിയിൽ ലീഗ് നേതൃത്വത്തിനും പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്. ഇടതു മുന്നണിക്കെതിരെ വിമർശനവുമായാണ് കെ എം ഷാജിയും മുന്നോട്ട് പോകുന്നത്. ഏകീകൃത സിവിൽ കോഡിന്റെ ഗുണഭോക്താക്കളാവാനാണ് സിപിഐ(എം) ശ്രമമെന്നായിരുന്നു ഷാജിയുടെ പ്രതികരണം. ഇരുവരുടെയും പ്രസ്താവനകൾ അതിരു കടക്കുന്ന സാഹചര്യത്തിലാണ് നേതാക്കൾക്ക് പ്രതികരണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് നേതൃത്വം രംഗത്തുവന്നത്.
ചെറുതുരുത്തിയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിലാണ് നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഇതുവരെ നേതൃത്വം ഇത് കർശനമായി നടപ്പിലാക്കിയിരുന്നില്ല. എന്നാൽ കഴി‍‍ഞ്ഞ ദിവസം ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കാതിരുന്നതിൽ വലിയ പങ്കുവഹിച്ചത് കോൺഗ്രസ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം കെ മുനീർ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാൻ നേതാക്കളെ അനുവദിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയത്.
സമൂഹ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാർട്ടി നയത്തിന് എതിരായി നേതാക്കളും പ്രവർത്തകരും അഭിപ്രായം പറയാൻ പാടില്ലെന്നാണ് ലീഗ് തീരുമാനം. ലീഗിനൊപ്പം സമസ്തയും എൽഡിഎഫ് നടത്തുന്ന ദേശീയ സെമിനാർ വേദിയിലെത്താതിരിക്കാനുള്ള നീക്കമായിരുന്നു എം കെ മുനീർ ഉൾപ്പെടെയുള്ളവർ നടത്തിയത്.

eng­lish sum­ma­ry; Media ban in league: Sakhya Munir and KM Shaji
you may also like this video;

Exit mobile version