മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കിന് ഇടയാക്കിയതിനു പിന്നിലെ കാരണങ്ങള്‍ ചാനല്‍ ഉടമകളോട് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ചാനലുമായി പങ്കുവയ്ക്കാനാകില്ല. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വാഭാവിക നീതി തത്വങ്ങള്‍ ബാധകമല്ലെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹര്‍ജിക്കാര്‍ക്ക് വെളിപ്പെടുത്തുന്നത് ദൂരവ്യാപകവും ഊഹിക്കാനാവുന്നതിലും അധികം പ്രത്യാഘാതം ഉണ്ടാക്കും.
ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ 124-ാം വകുപ്പിന്റെ വിശേഷാധികാരങ്ങള്‍ പ്രകാരമാണ് ഫയലുകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാത്തതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.
സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിക്കാനുള്ള കാരണങ്ങള്‍ ചാനലുമായി പങ്കുവയ്‌ക്കേണ്ട ആവശ്യമില്ല. ഹൈക്കോടതിക്ക് സമര്‍പ്പിച്ചപോലെ ഫയലുകള്‍ സുപ്രീം കോടതിക്കും സമര്‍പ്പിക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീല്‍ചെയ്ത കവറിലാണ് ഫയലുകള്‍ സമര്‍പ്പിച്ചത്.
സംപ്രേഷണ വിലക്കിനെ തുടര്‍ന്ന് മീഡിയാവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. മാര്‍ച്ച് 15ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്ത ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചാനലിന് സംപ്രേഷണം തുടരാന്‍ അനുമതി നല്‍കി.
English summary;Media One ban: Center says cause cannot be disclosed
You may also like this video;