Site iconSite icon Janayugom Online

മാധ്യമങ്ങള്‍ കങ്കാരൂ കോടതികള്‍ സംഘടിപ്പിക്കുന്നു: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

മാധ്യമങ്ങള്‍ കങ്കാരൂ കോടതികള്‍ സംഘടിപ്പിക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കങ്കാരൂ കോടതികള്‍ സംഘടിപ്പിക്കുകയാണ്, അതിര്‍വരമ്പുകള്‍ കടന്ന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പ്രേരിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. വിമര്‍ശനങ്ങളോട് ജഡ്ജിമാര്‍ പ്രതികരിക്കാത്തതിനെ ദൗര്‍ബല്യമായോ, നിസ്സഹായവസ്ഥയായോ കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ് ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ മാധ്യമ വിചാരണനയ്ക്കെതിരെ ആഞ്ഞടിച്ചത്. വര്‍ദ്ധിച്ച് വരുന്ന മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ നീതിയുക്തമായ പ്രവര്‍ത്തനത്തെയും, സ്വാതന്ത്ര്യത്തെയും ബാധിക്കുകയാണ്. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. നീതി നിര്‍വഹണത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയും, നിക്ഷിപ്ത അജണ്ടകള്‍ വച്ചും മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തിന് ഹാനികരമാണ്. പക്ഷപാതപരമായ വീക്ഷണങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യം ഉയരുകയാണ്. സ്വയം നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ആവശ്യം. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചാല്‍ ബാഹ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല. എന്നാല്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച് നിയന്ത്രണങ്ങള്‍ ക്ഷണിച്ച് വരുത്തരുത് എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം എന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

‘അച്ചടി മാധ്യമങ്ങള്‍ ഇപ്പോഴും ഒരു പരിധിവരെ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. ഇല്കട്രോണിക് മീഡിയ ഒട്ടും ഉത്തരവാദിത്തം കാണിക്കുന്നില്ല. അതിലും മോശമാണ് സാമൂഹിക മാധ്യമങ്ങള്‍’ ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. കൊടും ക്രിമിനലുകളെ ജയിലില്‍ അടയ്ക്കുന്ന ജഡ്ജിമാര്‍ക്ക് വിരമിച്ചതിന് ശേഷം ഒരു സുരക്ഷാ സംരക്ഷണവും ലഭിക്കുന്നില്ല. സമൂഹത്തില്‍ പ്രത്യേക സുരക്ഷ ഒന്നുംമില്ലത്താതെയാണ് ജീവിക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും ചില രാഷ്ട്രീയ നേതാക്കള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും. പൊലീസുകാര്‍ക്കും ഒക്കെ സുരക്ഷ ലഭിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; Media orga­niz­ing kan­ga­roo courts: Chief Jus­tice NV Ramana

You may also like this video;

Exit mobile version