Site icon Janayugom Online

മദ്രാസ് ഹൈക്കോടതിയുടെ ‘താലി’ വിധിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റ്

കഴിഞ്ഞ ദിവസം താലി ഊരിമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതായി മാധ്യമങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം. വാർത്താ റിപ്പോർട്ടുകൾക്ക് പിന്നാലെ മദ്രാസ് ഹൈക്കോടതിക്കെതിരെ വലിയ രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2016 ല്‍ ഇത്തരത്തിലൊരു പരാമര്‍ശം മദ്രാസ് ഹൈക്കോടതി നടത്തിയിരുന്നു. ഈ പരാമര്‍ശം കോടതിയുടെ ഇപ്പോഴത്തെ അഭിപ്രായമായി  മാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുകയായിരുന്നു. ഇപ്പോഴത്തെ കേസില്‍ മുൻ വിധിയെ കോടതി പ്രതിബാധിക്കുക മാത്രമാണ് ചെയ്‌തത്.

നിലവിലെ കേസില്‍ ഭാര്യ താലി ഊരിമാറ്റുന്നത് ബന്ധം നിലനിർത്തുന്നതിലുള്ള അതൃപ്തിയുടെ തെളിവായെടുക്കാമെന്നാണ് കോടതി യഥാർത്ഥത്തിൽ പറഞ്ഞത്. ജസ്റ്റിസ് വി എം വേലുമണി, എസ് സൗന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി.

ഭർത്താവിന്റെ സ്വഭാവത്തിൽ ഭാര്യ സംശയിക്കുന്നു, സഹപ്രവർത്തകരുടെ മുന്നിൽ ഭർത്താവിനെതിരെ അവിഹിത ബന്ധത്തിന്റെ ആരോപണങ്ങൾ ഉന്നയിക്കുക തുടങ്ങിയ നിരവധി വസ്തുതകൾ ശ്രദ്ധയിൽപ്പെട്ട ശേഷമാണ് ഹൈക്കോടതി ഭർത്താവിന്റെ വിവാഹമോചന അപ്പീൽ അനുവദിച്ചത്. ഇത്തരത്തിലുള്ള ഭാര്യയുടെ  ചില പ്രവൃത്തികൾ ഭർത്താവിനോടുള്ള മാനസിക ക്രൂരതയായി കോടതി കണ്ടെത്തുകയായിരുന്നു. എന്നാൽ താലി അഴിച്ചുമാറ്റുന്നത് മാനസിക ക്രൂരതയെന്ന് കോടതി പരാമർശിച്ചിട്ടില്ലെന്നാണ് ലൈവ് ലോ റിപ്പോർട്ട്.

2016 ജൂൺ 15ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സി ശിവകുമാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് കോടതി വിധി. ഭർത്താവുമായി അകന്നുകഴിഞ്ഞപ്പോൾ താലിയിട്ടിരുന്ന മാല അഴിച്ചുവച്ചിരുന്നെന്ന് ഭാര്യ കോടതിയെ അറിയിച്ചിരുന്നു. ഹിന്ദു മാരേജ് ആക്ടിലെ സെക്ഷൻ ഏഴ് പ്രകാരം താലി കെട്ടുക നിർബന്ധമല്ലെന്നും താലി അഴിച്ചുമാറ്റി എന്ന ശിവകുമാറിന്റെ വാദം ശരിയാണെങ്കിൽത്തന്നെ വിവാഹ ബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Eng­lish summary;Media reports on Madras High Court’s ‘Thali’ ver­dict are wrong

You may also like this video;

Exit mobile version