Site icon Janayugom Online

പുടിന്‍ ആണവായുധം പ്രയോഗിച്ചേക്കുമെന്ന സൂചനകളുമായി പാശ്ചാത്യ മാധ്യമങ്ങള്‍

ഉക്രെയ്‌നില്‍ റഷ്യന്‍ സേനാനീക്കവും ആക്രമണവും അതിരൂക്ഷമായതോടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ആണവായുധം പ്രയോഗിച്ചേക്കുമെന്ന സൂചനകളുമായി പാശ്ചാത്യ മാധ്യമങ്ങള്‍. ആണവ ഒഴിപ്പിക്കല്‍ ഡ്രില്‍ നടത്താന്‍ വ്‌ലാദിമിര്‍ പുടിന്‍ റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ ഡെലിയാറ്റന്‍ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകര്‍ക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗര്‍ കൊനെഷെഗോവ് പറഞ്ഞതിനു പിന്നാലെയാണ് ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിനു പുടിന്‍ ഉത്തരവിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2000 കിലോമീറ്റര്‍ പരിധിയും ശബ്ദത്തെക്കാള്‍ 10 മടങ്ങു വേഗവുമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ ആദ്യമായാണു ഉക്രെയ്‌നില്‍ പ്രയോഗിക്കുന്നത്. റഷ്യ ഉക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി പുടിന്‍ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയില്‍ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറില്‍ ഒളിപ്പിച്ചെന്നും രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവ ബോംബുകള്‍ വീണാല്‍ പോലും തകരാത്തത്ര കരുത്തുറ്റതാണ് ഈ ബങ്കറുകളെന്നു മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ മുന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവിയെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നേരത്തെ തന്നെ വാര്‍ത്ത നല്‍കിയിരുന്നു.

Eng­lish sum­ma­ry; media with hints that Putin may use nuclear weapons

You may also like this video;

Exit mobile version