ഉത്തർപ്രദേശില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കസേസർ സ്വദേശി സംഗീത ദേവിയും(40) അവരുടെ കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് സംഗീതയുടെ ഭർത്താവ് സുഖ്‌ദേവ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുക്കുകയും ആശുപത്രി പൂട്ടി സീൽ ചെയ്യുകയും ചെയ്തു. പ്രസവവേദനയെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് സംഗീതയെ നാഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണ പ്രസവം സാധ്യമായിരുന്നുവെന്നും എന്നാല്‍ ആശുപത്രി ജീവനക്കാർ ശസ്ത്രക്രിയ നടത്താൻ നിർബന്ധിച്ചതായും യുവതിയുടെ കുടുംബം ആരോപിച്ചു. ശസ്ത്രക്രിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും കുഞ്ഞ് ഉടൻ തന്നെ മരിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം സംഗീതയുടെ നില വഷളായി. ഞായറാഴ്ച രാത്രിയാണ് സംഗീത മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

