ചികിത്സാപിഴവിന്റെ ഫലമായി ഉണ്ടായ ഏക മകളുടെ ദുരവസ്ഥയിൽ മനംനൊന്ത് കാരുണ്യമുള്ള മനസുകളുടെ സഹായം തേടുകയാണ് ഒരു കുടുംബം. ലക്ഷദ്വീപ് കടമത്ത് സ്വദേശി ഇസ്മായിലിന്റെയും റിസ്‌വാനയുടെയും എട്ടു വയസുകാരിയായ മകൾ ഇസ്മത്ത് റിസ്മ അനുഭവിക്കുന്ന വേദനയിൽ സഹിക്കാനാകാത്ത സങ്കടവുമായാണ് ഈ മാതാപിതാക്കൾ ഓരോ ദിവസവും തള്ളിനീക്കുന്നത്.
ജനിച്ചതിന്റെ നാലാംനാൾ ശ്വാസം മുട്ടലുമായി ആശുപത്രിയിലെത്തിച്ച കുട്ടിയുടെ വലതുകാൽ നാല്പതിന്റെ അന്ന് മുറിച്ചു മാറ്റേണ്ടി വന്നു. കാഴ്ചശക്തിയും കേൾവിയും കുറഞ്ഞ നിലയിലായ ഇസ്മത്ത് ബുദ്ധിവൈകല്യവും നേരിടുന്നു. ഇസ്മായിലിന്റെ ഭാര്യ വീട് അഗത്തി ദ്വീപിലാണ്. അഗത്തി ആശുപത്രിയിൽ പ്രസവം കഴിഞ്ഞ് നാലിന്റെ അന്നാണ് ശ്വാസതടസം മൂലം കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസവും കുട്ടിക്ക് മറ്റ് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് ഇസ്മായിൽ പറഞ്ഞു. പിന്നെ രോഗം മൂർഛിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആശുപത്രി അധികൃതർ തന്നെ എത്തിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ കുട്ടിയെ കാണാൻ കഴിഞ്ഞിരുന്നില്ല. കൊച്ചിയിലെത്തിച്ചപ്പോൾ അവിടത്തെ ആശുപത്രിയിലെ ഡോക്ടർ തങ്ങളെ വിളിപ്പിച്ച് കാര്യങ്ങൾ തിരക്കുകയും കുട്ടിയെ കാണിച്ചുതന്നപ്പോൾ കുട്ടിയുടെ കാലിന്റെ മുട്ടിന് താഴേക്ക് കരിഞ്ഞ നിലയിലായിരുന്നു. കാഴ്ച, കേൾവി ശക്തി കുറഞ്ഞു. വൃക്കയിലും രക്തത്തിലും അണു ബാധയെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.
അഗത്തി ആശുപത്രിയിലെ ചികിത്സക്കിടയിൽ സംഭവിച്ച വീഴ്ച മൂലമാണ് തന്റെ കുട്ടിക്ക് ഈ അവസ്ഥ വന്നതെന്നാണ് ഇസ്മായിലിന്റെ ആരോപണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകി. കളക്ടർക്കും എംപിക്കും ഉൾപ്പെടെ ബന്ധപ്പെട്ടവർക്കെല്ലാം തുടരെ പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
സാധാരണ തൊഴിലാളിയായ ഇസ്മായിലിന് ഇക്കാലയളവിനിടയിൽ ലക്ഷങ്ങളാണ് കുട്ടിയുടെ ചികിത്സക്കു വേണ്ടി ചിലവഴിക്കേണ്ടി വന്നിട്ടുള്ളത്. അതിനാൽ വലിയ കടബാധ്യതയിലാണ് ഈ കുടുംബം. ഓരോ എട്ടുമാസം കൂടുമ്പോഴും കുട്ടിയുടെ കൃത്രിമ കാൽ മാറ്റി വെക്കണം. ഇതിന് 70,000 മുതൽ രണ്ടു ലക്ഷം രൂപ വരെ ചെലവുണ്ടാകുന്നു. ഫിസിയോ തെറാപ്പി ചികിത്സക്കും ഒന്നര ലക്ഷത്തോളം രൂപ ഇപ്പോൾ വേണം.
തുടർ ചികിത്സക്കും ലക്ഷങ്ങൾ വേണ്ടിവരും. വൈകാതെ കേരളത്തിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മകളുടെ ചികിത്സ മാറ്റണമെന്ന ആഗ്രഹത്തിലാണ് ഇസ്മായില്‍. നിവൃത്തിയില്ലാത്ത അവസ്ഥയിൽ കാരുണ്യമുള്ളവരുടെ കൈത്താങ്ങ് മാത്രമാകും തുടർചികിത്സക്ക് ഈ കുടുംബത്തിന് ആശ്രയം. ഇതിനായി ഇസ്മത്തിന്റെ പേരിൽ കനറാബാങ്ക് അഗത്തി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഇസ്മത്ത് റിസ ആർഎം (ISMATH RIZA RM), അക്കൗണ്ട് നമ്പർ: 110010807742, ഐഎഫ്എസ്‌സി കോഡ്: CNRB0006602, ഗൂഗിൾ പേ നമ്പർ : 9496448997.
You may also like this video