Site iconSite icon Janayugom Online

മറവിയിൽ നിന്ന് മീനാക്ഷി കടന്നുവരുന്നു

ഗൊവിന്ദൻ ഇപ്പോൾ വരുന്നത് കനകമംഗലത്ത് നിന്ന് തന്നെയല്ലേ… ഈ മദ്ധ്യാഹ്ന സമയം നീയല്ലാതെ മറ്റു വല്ലവരും നടക്കുമോ. എന്താണ് ഗൊവിന്ദാ വെയിലിന് നല്ല ചൂടില്ലെന്നുണ്ടോ? ’ മലയാളത്തിൽ മൂന്നാമതായി പ്രസിദ്ധീകരിച്ച മീനാക്ഷി എന്ന നോവൽ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ആദ്യ രണ്ട് നോവലുകൾ പോലെ അധികം ചർച്ച ചെയ്യപ്പെടാതെ പോവുന്ന മീനാക്ഷിയും അതിന്റെ കർത്താവ് പള്ളിക്കര ചെറുവലത്ത് ചാത്തുനായരും മറവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയാണ്. മീനാക്ഷി നോവലിന്റെ 135-ാം വാർഷികം കൊയിലാണ്ടി കാരയാട് ആഘോഷിക്കുകയാണ്. കേരള സാഹിത്യ അക്കാദമിയും അരിക്കുളം പഞ്ചായത്തും ചേർന്ന് 11ന് തിരുവങ്ങായൂർ മാണി മാധവചാക്യാർ കലാപഠനകേന്ദ്ര ഹാളിൽ നടത്തുന്ന പരിപാടി എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
അപ്പു നെടുങ്ങാടിയുടെ കുന്ദലതയ്ക്കും ഒ ചന്തു മേനോന്റെ ഇന്ദുലേഖയ്ക്കും ശേഷം കോഴിക്കോട്ടു നിന്ന് മലയാളത്തിൽ പിറന്ന നോവലാണ് മീനാക്ഷി. പക്ഷെ മറ്റു രണ്ടു നോവലുകൾ പോലെ 1890ൽ പുറത്തിറങ്ങിയ മീനാക്ഷി പക്ഷെ കാര്യമായി ആഘോഷിക്കപ്പെട്ടില്ല. മാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് പി സി അമ്മാവൻ രാജ എഴുതിയ ഇന്ദുമതി സ്വയംവരവും ഇതേവർഷം തന്നെയാണ് പുറത്തിറങ്ങിയത്. ആദ്യ നോവലെന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന നിലയിൽ ഇന്ദുലേഖയും സാഹിത്യത്തിൽ തലയുയർത്തിയപ്പോൾ മീനാക്ഷിയ്ക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോവുകയായിരുന്നു.
ആദ്യ രണ്ട് നോവലുകളുടെ രചയിതാക്കൾക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമാണ് കൂടുതൽ പരിഗണന ലഭിക്കാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇംഗ്ലീഷ് നോവൽ രീതിയിൽ എഴുതിയതാണ് മീനാക്ഷിയെന്ന് ചെറുവലത്ത് ചാത്തു നായർ പറയുന്നുണ്ട്. സുഹൃത്ത് എ കെ സുന്ദരയ്യയുടെ സഹായത്തോടെയാണ് പുസ്തകം എഴുതിയതെന്നും ഇദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. രണ്ട് അച്ചുകൂടങ്ങളിലായാണ് നോവൽ അച്ചടിക്കപ്പെട്ടിട്ടുള്ളത്. പഴയകാലത്ത് മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കുമെല്ലാം നോവൽ മിഴി തുറക്കുന്നു.
സ്ത്രീപക്ഷ ഉയിർപ്പിനെ പഠനവിധേയമാക്കുന്ന നോവൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിന്റെയും അറിവ് സമ്പാദിക്കുന്നതിന്റെയും ആവശ്യതകയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ശൈശവ വിവാഹം, സവർണ മേധാവിത്വം, സംബന്ധം, തിരണ്ടു കല്യാണം തുടങ്ങിയ അനാചാരങ്ങൾ സ്ത്രീജീവിതങ്ങളെ പ്രയാസപ്പെടുത്തുന്നതിനെയും നോവൽ വിമർശിക്കുന്നു. അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയുമെല്ലാം ആക്ഷേപഹാസ്യ ശൈലിയിൽ വിമർശന വിധേയമാക്കുകയാണ് മീനാക്ഷിയിലൂടെ ചാത്തു നായർ.
കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയിൽ ജനിച്ച ചാത്തുനായർ കോഴിക്കോട് ബി ഇ എം സ്കൂളിൽ സംസ്കൃതാധ്യാപകനായിരുന്നു. നോവലെഴുതിയതിന്റെ പേരിൽ വലിയ എതിർപ്പുകൾ സമുദായത്തിൽ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അരിക്കുളം പഞ്ചായത്തിലെ കാരയാട് സ്വദേശിയായ ഭാര്യ മാതുവമ്മയെ കോഴിക്കോട്ട് ജോലി ചെയ്യുന്ന സ്കൂളിന് സമീപം കൊണ്ടുവന്ന് താമസിപ്പിച്ചതിന് അദ്ദേഹത്തിന് സമുദായത്തിൽ നിന്ന് ഭ്രഷ്ട് നേരിടേണ്ടിയും വന്നിട്ടുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവർണ സമുദായ വനിതകൾ കോരപ്പുഴ കടന്ന് പോകാൻ പാടില്ലെന്ന നിബന്ധന ലംഘിച്ചതിനായിരുന്നു ഭ്രഷ്ട്. കുന്ദലതയും ഇന്ദുലേഖയും ഇന്ദുമതീ സ്വയംവരവും പറങ്ങോടി പരിണയവുമെല്ലാം പുറത്തിറങ്ങിയ ജില്ലയിൽ നിന്ന് തന്നെ പിറവിയെടുത്ത മീനാക്ഷിയെയും അതിന്റെ കർത്താവിനെയും ഓർമകളിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ജന്മനാടും സാഹിത്യ അക്കാദമിയും. 

Exit mobile version