Site iconSite icon Janayugom Online

ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ശ്രീലങ്കയിൽ ബുധനാഴ്ച പ്രസിഡന്റ് തെരഞ്ഞടുപ്പ് നടക്കാനിരിക്കേ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എസ്ജെബി നേതാവ് സജിത്ത് പ്രേമദാസയെ നാമനിർദേശം ചെയ്യുന്നതിലും പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നതിലും പ്രതിപക്ഷ പാർട്ടികൾ ഇന്ന് ധാരണയിലെത്തും.

ആക്ടിങ് പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്പീക്കർ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും തുടർന്ന് സഖ്യസർക്കാർ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. റനിൽ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്.

ഇതിനിടെ കൊളംബോയിൽ നിന്നും മാലിദ്വീപ് വഴി സിംഗപ്പൂരിലെത്തിയ മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് ഗോത്തബയ രാജപക്സെയ്ക്ക് അഭയം നൽകില്ലെന്ന് സിംഗപ്പൂർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാലിദ്വീപിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ ഗോത്തബയ രണ്ട് സുരക്ഷാ ജീവനക്കാർക്കും ഭാര്യയ്ക്കും ഒപ്പം സിംഗപ്പൂരിൽ എത്തിയത്. അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തെ സിംഗപ്പൂരിൽ തുടരാൻ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിംഗപ്പൂർ വ്യക്തമാക്കുന്നു. സ്വകാര്യ സന്ദർശനത്തിനായാണ് ഗോത്തബയ സിംഗപ്പൂരിൽ എത്തിയത് എന്നാണ് സിംഗപ്പൂർ വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്.

അതിനിടെ ശ്രീലങ്കയിൽ ഇന്നു മുതൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗെക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ.

അതേസമയം ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയായി ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.

അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശത്തിന് അവസരമൊരുക്കുമെന്ന് റനിൽ വിക്രമസിംഗെ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എംപിമാരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിക്കും വിക്രമസിംഗെ നിർദേശം നൽകി.

ജനകീയ പ്രക്ഷോഭത്തിനിടെ വീടുകൾ തകർക്കപ്പെട്ട ഭരണകക്ഷി എംപിമാർക്ക് വീട് വെച്ച് നൽകുമെന്നും വിക്രമസിംഗെ വ്യക്തമാക്കി. എംപിമാരെ ഫോണിൽ ബന്ധപ്പെട്ടാണ് ആക്റ്റിംഗ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, റെനിൽ വിക്രമസിംഗെക്കെതിരെ കടുത്ത നിലപാടിലാണ് പ്രക്ഷോഭകർ. നാട്ടുകാർ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.

Eng­lish summary;Meeting of oppo­si­tion par­ties in Sri Lan­ka today

You may also like this video;

Exit mobile version