ടാറ്റ ട്രസ്റ്റ് ട്രസ്റ്റി സ്ഥാനത്ത് നിന്നുള്ള മെഹ്‌ലി മിസ്ട്രിയുടെ പുറത്താക്കല്‍ നിയമനടപടികളിലേക്ക്. ടാറ്റ സണ്‍സ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ട്രി മരിച്ചതോടെ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത മെഹ്‌ലി മിസ്ട്രിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗം വോട്ട് ചെയ്ത് പുറത്താക്കിയതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രസ്റ്റിനെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറ്റിയത്.
ഏറെനാളായി ട്രസ്റ്റില്‍ പുകഞ്ഞുകൊണ്ടിരുന്ന അധികാര തര്‍ക്കവും പടലപിണക്കവുമാണ് മെഹ്‌ലി മിസ്ട്രിയുടെ പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ഇടവരുത്തിയത്. സൈറസ് മിസ്ട്രിയുടെ അനന്തരവനായ മെഹ്‌ലിയുടെ പല നടപടികളും വിവാദത്തിന് തിരികൊളുത്തിയതും പുറത്താക്കലിന് വഴിതെളിച്ചു. ടാറ്റാ സൺസ് ബോർഡിൽ നോമിനി ഡയറക്ടറായി വിജയ് സിങ്ങിനെ പുനർനിയമിക്കുന്നത് ട്രസ്റ്റികളിൽ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ബോർഡ് നിയമനങ്ങളിൽ മാത്രമല്ല നോമിനി ഡയറക്ടർമാർ ട്രസ്റ്റികളുമായി വിവരങ്ങൾ പങ്കിടുന്നതിനെ ചുറ്റിപ്പറ്റിയും രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
രത്തൻ ടാറ്റയുടെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റ ഭരണസാരഥ്യം ഏറ്റെടുത്തുതോടെയാണ് മെഹ്‌ലി മിസ്ട്രിയുടെ ശനിദശ ആരംഭിച്ചതും പുറത്താക്കല്‍ സംഭവിച്ചതും. 2024 ഒക്ടോബറിലെ പ്രമേയം അനുസരിച്ച് ട്രസ്റ്റികളും എല്ലാ ആജീവനാന്ത അംഗമായി തുടരാമെന്ന വ്യവസ്ഥ നിലനില്‍ക്കെ മെഹ്‌ലി മിസ്ട്രിക്ക് കോടതിയെ സമീപിക്കാമെന്ന് പ്രശസ്ത അഭിഭാഷകയായ എച്ച് പി റാണിന ചൂണ്ടിക്കാട്ടി.
മെഹ്‌ലിയെ പുറത്താക്കിയ പ്രമേയം നേരത്തെയുള്ള പ്രമേയത്തിന് എതിരായതിനാല്‍ കോടതിയെ സമീപിക്കാം. മെഹ്‌ലി നിയമ നടപടി സ്വീകരിക്കുന്ന പക്ഷം ടാറ്റ ട്രസ്റ്റിനെ കാത്തിരിക്കുന്നത് നീണ്ട നാളത്തെ നിതീന്യായ പോരാട്ടമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമ നടപടി സംബന്ധിച്ചോ, പുറത്താക്കല്‍ നടപടിയെക്കുറിച്ചോ മെഹ്‌ലി ഇതുവരെ അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല.

