Site iconSite icon Janayugom Online

മേഘ ദൂത്

കൊടിയ വേനൽ പകൽ നിലങ്ങളിൽ
കരിയുമോരോ ദളങ്ങൾ തൻ
പകുതി പൂത്ത കിനാക്കളെ നിങ്ങൾ
കറുത്ത മേഘ ചുരുളുകൾ
പറന്നുയർന്നു പരക്കവേ നിങ്ങൾ
ഗഗന വീഥിയിലനസ്യൂതം
പഥികർ ഞങ്ങൾ മിഴിമുനകളി -
ലൊരുക്കി ഒരു ജലസാഗരം
വരണ്ട തൊണ്ടകൾ വറണ്ട ഭൂവിതി-
ലുരുക്കഴിച്ചു ജപങ്ങളാ-
ലുരുക്കി നിന്നുടെ കറുത്ത മെയ്യൊരു
വെളുത്ത തുള്ളികളാക്കുവാൻ
തുടിച്ചിതെത്ര മനങ്ങളിൽ നീ, കുളിർ
തണുപ്പണിഞ്ഞ കരങ്ങളാൽ
കുറിച്ചിതെത്ര കവനങ്ങൾ
പൊടിച്ചിതെത്ര മുകുളങ്ങൾ
ഒക്കെയിന്നൊരു പഴങ്കഥയിലെ
തപ്ത നിസ്വന ജല്പന -
മാലപിപ്പൂ ഞാൻ നിന്റെ ആസുര
ഭാവ ഭേദ പകർച്ചയിൽ
തണ്ടുണങ്ങും ചെടികളും, നാവു
വിണ്ടു കീറും നദികളും
കണ്ണുനീര് കുടിച്ച് തണ്ണീർ
കൊതിച്ചു മാനവ വർഗവും
സർവവും മൃത പ്രായമായൊരു
ജീവത് സന്ധ്യ മുനമ്പിൽ നീ
മർത്ത്യനുള്ള മറുപടിപോൽ
നിഷ്ക്രിയത്വം നടിപ്പിതോ?
നീരദങ്ങളെ നിങ്ങൾ തൻ കുളിർ
തൂവണി തണ്ണീർ കരങ്ങളോ -
രായിരം നീരാളികൾ പോ-
ലാഞ്ഞു പുൽകിയ നാളുകൾ
കൊന്നു തള്ളിയും കടപുഴക്കിയും
മണ്ണിലെത്രയോ ജീവിതം
വറ്റ് നല്കേണ്ടും കൈകളിങ്ങനെ, മൃതി
കറ്റ കെട്ടുവതെന്തിതേ?
കറുത്ത നിഴലെഴാ -
തിരിപ്പതില്ലൊരു വസ്തുവും
കറുത്ത മേഘമേ നീ എഴാ -
തുയിർക്കുകില്ലൊരു ജീവനും
പെയ്തിറങ്ങണം നിതാന്തമീ
ജല പ്രണയ ജീവിത കണികകൾ
കുളിർന്നൊഴുകണം ജീവ സാഗര
സ്നേഹ തീരവും മേൽക്കുമേൽ 

Exit mobile version