Site iconSite icon Janayugom Online

മെലോണി ഇറ്റാലിയന്‍ പ്രധാനമന്ത്രി

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോണി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ തീവ്ര വലതുപക്ഷ സര്‍ക്കാരാണ് ഇറ്റലിയില്‍ അധികാരത്തിലേറിയത്. ബെനിറ്റോ മുസോളിനിക്ക് ശേഷം ആദ്യമായി അധികാരത്തിലെത്തുന്ന ഫാസിസ്റ്റ് നേതാവാണ് മെലോണി. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയാണ് മെലോണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജോര്‍ജിയ മെലോണി നയിക്കുന്ന ബ്രദേഴ്സ് ഓഫ് ഇറ്റലി, മത്തയോ സാല്‍വിനിയുടെ ലീഗ്, മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‍കോണിയുടെ ഫോര്‍സ ഇറ്റാലിയ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന തീവ്ര വലതുപക്ഷ സഖ്യ സര്‍ക്കാരാകും ഇറ്റലി ഭരിക്കുക. തെരഞ്ഞെടുപ്പില്‍ മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലിക്കായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. മെലോണിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗം നാളെ ചേരും. ദേശീയ ഐക്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജൂലെെയിലാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന മരിയോ ഡ്രാഗി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അതേസമയം, മെലോണി അധികാരമേറ്റതോടെ രാജ്യത്തെ കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി ഉള്‍പ്പെടുന്ന വലതുപക്ഷ സഖ്യത്തിന്റെ പ്രധാന അജണ്ട. യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളിലൊന്നാണ് ഇറ്റലി. 70,000 കുടിയേറ്റക്കാരാണ് ഈ വര്‍ഷം രാജ്യത്തെത്തിയത്. ക്രമരഹിതമായ കുടിയേറ്റം തടയാന്‍ അഭയാര്‍ത്ഥി സംവിധാനം നടപ്പിലാക്കുമെന്ന് മെലോണി പ്രഖ്യാപിച്ചിരുന്നു. 

Eng­lish Sum­ma­ry: Mel­oni Ital­ian Prime Minister

You may like this video also

Exit mobile version