Site iconSite icon Janayugom Online

തിരുവള്ളൂർ മുരളിയുടെ അംഗത്വം; ജില്ലയിലെ കോൺഗ്രസ്സിൽ രാജി ഭീഷണി

കോൺഗ്രസിൽ നിന്നും നടപടിക്ക് വിധേനയായി പുറത്തായതിനെത്തുടർന്ന് കാമരാജ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചുവരുന്ന തിരുവള്ളൂർ മുരളിക്ക് വീണ്ടും കോൺഗ്രസ് അംഗത്വം നൽകിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഇക്കഴിഞ്ഞ 11 ന് തിരുവള്ളൂർ മുരളിക്ക് കോൺഗ്രസ് അംഗത്വവും ഒപ്പം അംഗങ്ങളെ ചേർക്കുന്നതിനുള്ള ചീഫ് എൻറോളർ തസ്തികയും നൽകിയത്.

പ്രാദേശിക നേതൃത്വം അറിയാതെയും അവരോട് ആലോചിക്കാതെയുമാണ് കെപിസിസി പ്രസിഡന്റ് മുരളിയെ തിരിച്ചെടുത്തതെന്നും ഇത് പ്രാദേശിക പ്രവർത്തകരിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ടെന്നും വടകരയിൽ കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ആദ്യഘട്ടത്തിൽ വടകരയിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ രാജിവെയ്ക്കും. തുടർന്ന് പഞ്ചായത്ത് തലത്തിലും ഭാരവാഹികൾ രാജിവെച്ച് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കും.

മുരളി ഇപ്പോഴും കാമരാജ് കോൺഗ്രസ്സിന്റെ വർക്കിംഗ് പ്രസിഡന്റാണെന്നും അങ്ങിനെയുള്ള ഒരാളെ കോൺഗ്രസ്സിൽ അംഗമാക്കിയതും അംഗങ്ങളെ ചേർക്കാനുള്ള ചുമതല നൽകിയതും ഒരുവിധത്തിലും അംഗീകരിക്കില്ലെന്നുമാണ് യോഗം പ്രഖ്യാപിച്ചത്.

കാമരാജ് കോൺഗ്രസ്സിൽ ചേർന്ന മുരളി ബിജെപിയുടെ ഘടകകക്ഷിയായാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി എത്തിയതോടെ പാർട്ടിയിൽ തിരിച്ചുവരാൻ മുരളി ശ്രമം നടത്തിയിരുന്നുവെങ്കിലും പാർട്ടിയിലെ എതിർപ്പിനെത്തുടർന്ന് പിൻമാറുകയായിരുന്നു. ഇതിനിടെ സുധാകരൻ നേരിട്ട് ഇടപെട്ട് മുരളിക്ക് അംഗത്വം നൽകിയതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഇക്കാര്യം കെപിസിസി നേതൃത്വത്തെ ധരിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുരളയുമായി ഒരുതരത്തിലും യോജിച്ചുപോകാൻ കഴിയില്ലെന്നും യോഗം പ്രഖ്യാപിച്ചു. കെപിസിസി നിർവ്വാഹക സമിതി അംഗം അച്യുതൻ പുതിയെടുത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എടവത്തുകണ്ടി കുഞ്ഞിരാമൻ, ഡിസിസി സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി കെ ഇസ്ഹാഖ്, സി പി വിശ്വനാഥൻ തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

മുരളിക്ക് അംഗത്വം നൽകിയ നടപടി കോഴിക്കോട് ഡിസിസി യോഗത്തിലും വിമർശനത്തിന് ഇടയാക്കി. കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയ മുരളിയെ തിരിച്ചെടുത്തത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി ഭാരവാഹികളായ നിജേഷ് അരവിന്ദും ടി കെ രാജേന്ദ്രനും ചോദിച്ചു. രമേശ് ചെന്നിത്തലയെ പരസ്യമായി ആക്ഷേപിച്ചും തള്ളിപ്പറഞ്ഞും പുറത്തുപോയ മുരളിയെ ഡിസിസിയുടേയോ പ്രാദേശിക നേതൃത്വത്തിന്റേയോ അറിവോ അനുമതിയോ ഇല്ലാതെയാണ് കെപിസിസി അധ്യക്ഷൻ തിരിച്ചെടുത്തിരിക്കുന്നത്. ഇത് അംഗീകരിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. മെമ്പർഷിപ്പ് അവലോകനത്തിനായി ചേർന്ന യോഗത്തിലായിരുന്നു ഈ വിമർശനം.

ഇതിനിടെ പാർട്ടി അംഗത്വം നൽകാൻ മുൻപുതന്നെ തീരുമാനമായിരുന്നതായി തിരുവള്ളൂർ മുരളി ജനയുഗത്തോട് പറഞ്ഞു. കാമരാജ് കോൺഗ്രസ് ഒന്നടങ്കം കോൺഗ്രസ്സിൽ ലയിക്കുന്നതിന് തീരുമാനമായിരുന്നു. കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ലയനസമ്മേളനം ചേരുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ അത് നീണ്ടുപോകുകയായിരുന്നു. മെമ്പർഷിപ്പ് പ്രവർത്തനം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ കണ്ട് അംഗത്വം സ്വീകരിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിൽ ആയിരത്തോളം പാർട്ടി അംഗങ്ങളെ താൻ ചേർത്തുകഴിഞ്ഞതായും 100 മെമ്പർഷിപ്പ് പുസ്തകങ്ങൾ കെപിസിസി നേതൃത്വം തന്നെ ഏല്പിച്ചിരുന്നതായും മുരളി വ്യക്തമാക്കി. കെപിസിസി അധ്യക്ഷനായിരുന്ന വി എം സുധീരനാണ് തനിക്കെതിരെ നടപടി സ്വീകരിച്ചത്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ തന്നെ പാർട്ടിയിൽ തിരിച്ചെടുക്കുകയായിരുന്നു. ഇതിൽ അസ്വാഭാവികതയൊന്നുമില്ല. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ തന്നെ തിരിച്ചെടുത്തതിൽ അതൃപ്തിയൊന്നുമില്ലെന്നും മുരളി വ്യക്തമാക്കി.

Eng­lish summary;Membership of Tiru­val­lur Murali; Threat of res­ig­na­tion in dis­trict Congress

You may also like this video;

Exit mobile version