Site iconSite icon Janayugom Online

ആര്‍ത്തവ അവധി: മാതൃകാ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി

ആര്‍ത്തവ അവധി വിഷയത്തില്‍ മാതൃകാ നയം രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. നയം രൂപീകരിക്കണമെന്ന ഹര്‍ജി തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആര്‍ത്തവ അവധി തീരുമാനം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ നയ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. 

ആര്‍ത്തവ അവധി തൊഴില്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തത്തിന് സ്ത്രീകളെ പ്രചോദിപ്പിക്കും. അതേസമയം ഇത്തരം അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ദോഷകരമായി മാറിയേക്കാം. അത് കോടതി ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 

വിഷയത്തില്‍ മാതൃകാ നയം രൂപീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ഹര്‍ജിക്കാരന് വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഒരു മാതൃകാ നയം രൂപപ്പെടുത്താനാകുമോയെന്ന് പരിശോധിക്കേണ്ടത് മന്ത്രാലയം സെക്രട്ടറിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സുപ്രീം കോടതി ഉത്തരവ് തടസമാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബിഹാറും കേരളവും മാത്രമാണ് നിലവില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നതെന്ന് ഹര്‍ജിക്കാരനായ ശൈലേന്ദ്ര ത്രിപാഠി ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Sum­ma­ry: Men­stru­al leave: Supreme Court to for­mu­late mod­el policy

You may also like this video

Exit mobile version