Site iconSite icon Janayugom Online

ഈ പുതുവര്‍ഷത്തില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാം

പുതിയ പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ നമ്മുടെ ജീവിതത്തില്‍ മനസ്സ് തുറന്നു സന്തോഷിക്കാന്‍ പര്യാപ്തമായിരുന്നില്ല. കോവിഡ്-19 മഹാമാരി മൂലം മനുഷ്യരാശി മുഴുവന്‍ മരവിപ്പിക്കുന്ന ഘട്ടത്തിലായിരുന്നു. എന്നാല്‍ വര്‍ണ്ണാഭമായ ഭാവിയിലേക്ക് കൂടുതല്‍ ധൈര്യത്തോടെയുള്ള പുതിയ കാല്‍വയ്പ്പിനായി ഒരുങ്ങുകയാണ് നമ്മള്‍. വ്യക്തിപരം, കുടുംബം, സാമൂഹികം, തൊഴില്‍പരം, ആത്മീയം എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കഠിനാധ്വാനം, ആത്മാര്‍ത്ഥത, സത്യസന്ധത എന്നിവയിലൂടെ മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ചതാക്കാന്‍ ശ്രമിക്കാം.

കഴിഞ്ഞ വര്‍ഷങ്ങളിലെ നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, നിരവധി നേട്ടങ്ങളും പരാജയങ്ങളും, നല്ല പ്രവൃത്തികളും തെറ്റായ പ്രവൃത്തികളും, സത്യങ്ങളും നുണകളും, നന്മയും തിന്മയും ഒക്കെ കണ്ടെത്താനാകും. നമ്മുടെ ജീവിതത്തെ സ്വയം വിലയിരുത്താനും വരും വര്‍ഷത്തില്‍ ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കുന്നതിനുമുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമാണിത്. സ്വയം വിലയിരുത്തല്‍ നമ്മള്‍ വിചാരിക്കുന്നതിലും ബുദ്ധിമുട്ടാണ്. ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും ഉള്ള നമ്മുടെ എല്ലാ പെരുമാറ്റങ്ങളുടെയും വിമര്‍ശനാത്മക വിലയിരുത്തലുകള്‍ ഇതിന് ആവശ്യമാണ്. അവനവന്റെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാനും വേര്‍തിരിച്ചറിയുവാനും കഴിയുമെങ്കില്‍, അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച വ്യക്തിയാകാന്‍ കഴിയും.

നമ്മളെല്ലാവരും നമ്മുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു, പക്ഷേ അത് നിങ്ങളില്‍ നിരാശയും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുന്നു എന്നതിന് പ്രാധന്യം നല്‍കുന്നില്ല. ശരിക്കും നിങ്ങള്‍ താരതമ്യം ചെയ്യേണ്ടത് മുന്‍ വര്‍ഷങ്ങളിലെ നിങ്ങളുടെ തന്നെ പ്രവര്‍ത്തികളും ചിന്തകളുമായിട്ടാണ്. ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
സൈക്കോളജിയിലോ സൈക്യാട്രിയിലോ, ഒരു വ്യക്തിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും ‘ഇന്‍സൈറ്റ്’ വളരെ പ്രധാനമാണ്. നമ്മുടെ ബലഹീനതകള്‍, പോരായ്മകള്‍, അസ്വാഭാവികതകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധത്തിന്റെ ഒരു രൂപമാണിത്. ഇത് 1‑നും 6‑നും ഇടയിലുള്ള ഗ്രേഡഡ് സ്‌കെയിലാണ് കണക്കാക്കുന്നത്. ഉള്‍ക്കാഴ്ചയില്‍ 6 സ്‌കോര്‍ ഉള്ള ഒരു വ്യക്തിയെ, പൊതുവെ സാധാരണ വ്യക്തിയായി കണക്കാക്കുന്നു. 1 പൂര്‍ണ്ണമായ നിഷേധവും 6 യഥാര്‍ത്ഥ വൈകാരിക ഉള്‍ക്കാഴ്ചയുമാണ്.

ഇവിടെ, നമ്മുടെ ദൈനംദിന ജീവിതത്തില്‍, നമുക്ക് നമ്മെക്കുറിച്ച് ശരിയായ ധാരണകളും വിലയിരുത്തലുകളും ഉണ്ടായിരിക്കണം. നമ്മുടെ ബലഹീനതകള്‍ തിരിച്ചറിയുകയും അത് മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും വേണം. ഈ പുതുവര്‍ഷത്തില്‍, സ്വയം വിലയിരുത്താനുള്ള ഏറ്റവും നല്ല സമയമാണിത്. പുതുവത്സര തീരുമാനങ്ങളെ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയോ അവസാന മാസങ്ങളില്‍ അത് മറക്കുകയോ ചെയ്യുന്നതിനാല്‍ ആളുകള്‍ ഇതിനെ വെറുമൊരു ചടങ്ങായി കണക്കാക്കുന്നു. അതിനാല്‍, നിങ്ങളുടെ മുന്‍വര്‍ഷങ്ങളെ വിലയിരുത്താന്‍ ഒരു മണിക്കൂര്‍ സമയം ചെലവഴിക്കുകയും നിങ്ങളുടെ ജീവിതത്തിലെ 3 കുറവുകളെങ്കിലും തിരിച്ചറിയുകയും എവിടെയെങ്കിലും അത് രേഖപ്പെടുത്തുകയും ചെയ്യുക. തുടര്‍ന്ന്, അവയെ മറികടക്കാന്‍ നമുക്ക് ശ്രമിക്കാം. നാമെല്ലാവരും ഒരുമിച്ച് ഇത് ചെയ്താല്‍, നമ്മുടെ സമൂഹം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022ല്‍ കൂടുതല്‍ അര്‍ത്ഥവത്തായതും ലക്ഷ്യബോധമുള്ളരുമായിരിക്കും. ഈ ലോകത്ത് മികച്ച ജീവിതം നയിക്കാന്‍ നിങ്ങളെ ഇത് തീര്‍ച്ചയായും സഹായിക്കും.

ENGLISH SUMMARY: Men­tal health can be a pri­or­i­ty in this New Year
You may also like this video

Exit mobile version