Site icon Janayugom Online

മാനസികാരോഗ്യം മൗലികവകാശം; എന്തുകൊണ്ട് മാനസികാരോഗ്യ ചികിത്സ നേടാന്‍ മടിക്കുന്നു?

‘ആരോഗ്യം’ എന്നത് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത് കേവലം രോഗം ഇല്ലാത്ത അവസ്ഥ മാത്രമല്ല മറിച്ച് പൂര്‍ണ്ണമായ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമത്തെയാണ് എന്ന പൊതുധാരണ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എന്താണ് മാനസികാരോഗ്യം? അവനവന്റെ കഴിവുകളെ തിരിച്ചറിയാന്‍ കെല്‍പ്പുള്ള, ദൈനംദിന ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങളെ തരണം ചെയ്യാന്‍ കഴിയുന്ന, ഫലപ്രദമായി ജോലി ചെയ്യാന്‍ കഴിയുന്ന, തന്റേതായ കര്‍മ്മനിരതമായ സംഭാവന സമൂഹത്തിന് നല്‍കാന്‍ കെല്‍പ്പുള്ള ഒരു വ്യക്തിയെയാണ് പൂര്‍ണ്ണമായും മാനസികാരോഗ്യമുള്ളതായി വിവരിക്കുന്നത്.

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ‘മാനസികാരോഗ്യം മൗലികാവകാശം’ എന്ന ഒരു വലിയ ആശയമാണ് ഈ വര്‍ഷം നമുക്ക് മുന്നിലുള്ളത്. ലോകത്ത് എട്ടില്‍ ഒരാള്‍ മാനസികാരോഗ്യ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് പഠനം. 7 ലക്ഷം ജനങ്ങള്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ഓരോ 40 സെക്കന്റിലും ഒരാള്‍ എന്ന കണക്ക് ഭയാനകമാണ്.

· വിഷാദരോഗം, ഉത്കണ്ഠ, ചിത്തഭ്രമം, ലഹരി ഉപയോഗം എന്നിങ്ങനെ നീണ്ട നിരയിലുള്ള രോഗങ്ങള്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികവും സാമൂഹികവുമായിട്ടുള്ള ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്നു.

· കുട്ടികളില്‍ കളിക്കാനോ, കൂട്ടുകാരുമായി ഇടപഴകാനോ, പഠിക്കാനോ ഉള്ള താല്പര്യമില്ലായ്മ, മുതിര്‍ന്നവര്‍ക്ക് ജോലി ചെയ്യാനുള്ള താല്പര്യമില്ലായ്മ, സാമൂഹികമായിട്ടുള്ള അകല്‍ച്ച, ലഹരി ഉപയോഗം, ആത്മഹത്യ എന്നീ വിപത്തിലേക്ക് നീളുന്നു.

· ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളും ഇന്ന് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

എന്തുകൊണ്ട് മാനസികാരോഗ്യ ചികിത്സ നേടാന്‍ മടിക്കുന്നു?

ആഗോള തലത്തില്‍ ഇന്നും മാനസികാരോഗ്യം അനുഭവിക്കുന്ന ജനങ്ങള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുണ്ട്. തന്റെ ബുദ്ധിമുട്ടുകള്‍ അറിയാനും നല്ല ചികിത്സ നേടാനും കഴിയാതെ അത് വഴി സമൂഹത്തില്‍ മറ്റേതൊരു വ്യക്തിയെ പോലെ പെരുമാറാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു.

തനിക്ക് മാനസികരോഗമുണ്ടെന്നു പറയാന്‍ മടിക്കുന്ന രോഗിയും തന്റെ വേണ്ടപ്പെട്ടവര്‍ക്ക് രോഗം ഉണ്ടെന്ന് പുറത്ത് പറയാന്‍ നാണിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും, ബാധിച്ചിരിക്കുന്നത് മനോരോഗത്തെക്കാളും അപകടകാരിയായ stig­ma എന്ന ഭീഷണിയാണ്. ഈ കളങ്കത്തെ തകര്‍ത്ത് അവരെ നല്ല ചികിത്സയ്ക്കായി മുന്നോട്ടു കൊണ്ടു വരേണ്ടതുണ്ട്. മറ്റേതൊരു അവയവത്തിന് രോഗം വരുമ്പോ ചികിത്സിക്കുന്നതുപോലെ തന്നെ തലച്ചോറിന്റെ രോഗങ്ങളും ചികിത്സിക്കേണ്ടത് അനിവാര്യമാണ്. മാനസികരോഗങ്ങള്‍ വരുന്നത് കര്‍മ്മഫലം ആണെന്നും മുന്‍ജന്മങ്ങളില്‍ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്നുമുള്ള തെറ്റിധാരണകളൊക്കെ മാറ്റി തികച്ചും ശാസ്ത്രീയമായ ഒരു അടിസ്ഥാനം ഇന്ന് നിലവിലുണ്ട്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ വ്യതിയാനമാണ് കാരണമെന്ന് മനസ്സിലാക്കണം.

മാനസികാരോഗ്യം ഒരുവന്റെ മൗലികാവകാശമാണെന്ന അവബോധം ഓരോരുത്തരെയും അവരുടെ അവകാശങ്ങള്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നു. സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലും അവരെ ഒറ്റപ്പെടുത്തി നിര്‍ത്താതെ നല്ല ചികിത്സ ലഭ്യമാകാന്‍ സഹായിച്ച്, വിദ്യാഭ്യാസവും ജോലിയും നേടി മറ്റാരെയും ആശ്രയിക്കാതെ സമൂഹത്തില്‍ എല്ലാവരുടെയും ഒപ്പം ജീവിക്കാനുള്ള അവകാശങ്ങള്‍ അവര്‍ക്കുമുണ്ടെന്ന് മനസ്സിലാക്കാം.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

ഏറ്റവും സാധാരണയായ മാനസിക രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍

· വിഷാദരോഗം — ഉറക്കക്കുറവ് / അമിതമായ ഉറക്കം, മുമ്പ് സന്തോഷം നല്‍കിയിരുന്ന കാര്യങ്ങളില്‍ താല്പര്യമില്ലായ്മ / സന്തോഷമില്ലായ്മ, വിശപ്പില്ലായ്മ / അമിത വിശപ്പ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട് / കുറ്റബോധം, നിരാശ, മരണം, ആത്മഹത്യ എന്നിവയെ പറ്റിയുള്ള നിരന്തരമായ ചിന്തകള്‍.

· ബൈപ്പോളാര്‍ ഡിസോര്‍ഡര്‍

മാനിയ — അമിതമായ സന്തോഷം, ചിരി, ദേഷ്യം സംസാരം, ഉറക്കക്കുറവ്, ആക്രമം.

· Anx­i­ety dis­or­der (ഉത്കണ്ഠാ രോഗം) — നിയന്ത്രണാധിതമായ ഉത്കണ്ഠ, ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥ, നെഞ്ചിടിപ്പ്, വെപ്രാളം, ക്ഷീണം മുതലായവ. നിങ്ങള്‍ക്ക് ഉത്കണ്ഠാ രോഗം ഉണ്ടെങ്കില്‍ ചില കാര്യങ്ങളോടും സാഹചര്യങ്ങളോടും ഭയത്തോടു കൂടി നിങ്ങള്‍ പ്രതികരിച്ചേക്കാം.

· Psy­chot­ic dis­or­der — അമിതമായ ഭയം, സംശയം, പരസ്പര ബന്ധമില്ലാതെയുള്ള സംസാരവും പെരുമാറ്റവും, ഒറ്റയ്ക്കിരുന്നുള്ള ചിരി, സംസാരം മുതലായവ.

പൊതുവായ ഈ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് മാനസികരോഗ ചികിത്സ നല്‍കാന്‍ അവരെ സഹായിക്കാം.

എല്ലാവര്‍ക്കും മാനസികാരോഗ്യ ചികിത്സ ലഭ്യമാകാനുള്ള മൗലിക അവകാശം ഉണ്ടെന്ന അവബോധത്തിലൂടെ Stig­ma എന്ന വിപത്തിനെ തകര്‍ത്ത് മാനസികാരോഗ്യമുള്ള ഒരു സമൂഹത്തിനെ വളര്‍ത്താന്‍ നമുക്ക് ഏവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം.

ഡോ.ശ്രീലക്ഷ്മി എസ്
ജൂനിയർ കൺസൾട്ടന്റ് സൈക്യാട്രി
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version