Site iconSite icon Janayugom Online

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി തുണയായി

carecare

സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ വഴി ഇതുവരെ മാനസിക പിന്തുണ നൽകിയത് ഒന്നേകാൽ കോടിയിലധികം പേർക്ക്.

ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിലും ഐസോലേഷനിലും കഴിഞ്ഞിരുന്ന 75.64 ലക്ഷം പേർക്ക് മാനസികാരോഗ്യ പരിചരണം നൽകി. 74,087 ഭിന്നശേഷി കുട്ടികൾക്കും മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കി. കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്കരിച്ചു. 64,194 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്. നീരിക്ഷണത്തിലിരുന്ന 75,64,227 പേർക്ക് ആശ്വാസ കോളുകൾ നൽകി. ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് 32,12,102 ഫോളോ അപ്പ് കോളുകളും നൽകിയിട്ടുണ്ട്.

92,601 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ ലഭിച്ചത്. കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ സ്കൂൾ കുട്ടികളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 9,99,722 കോളുകൾ സ്കൂൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 1,12,347 കുട്ടികൾക്ക് കൗൺസിലിങ് സേവനങ്ങളും ലഭ്യമാക്കി. സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 104,1056,0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സ്കൂൾ കൗൺസിലർമാരേയും ഐസിടിസി അഡോളസന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് മാനസികാരോഗ്യ സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നത്. ഐസോലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നുണ്ട്. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിങ് നൽകും.

Eng­lish Sum­ma­ry: Men­tal Health Pro­gram of the Depart­ment of Health started

You may like this video also

Exit mobile version