Site iconSite icon Janayugom Online

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ സ്വര്‍ണം കവര്‍ന്നു

raperape

അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര്‍ ചേര്‍ന്ന് ചൂഷണം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും എഫ്‌ഐആറില്‍ പറയുന്നു. 2022,23 വര്‍ഷങ്ങളിലാണ് യുവതി പീഡനത്തിന് ഇരയായത്. അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ച്ചയായി
പിന്നീട് യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അയല്‍വാസിയായ യുവാവില്‍ നിന്ന് യുവതി കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നപ്പോള്‍ യുവതിയെ പലയിടങ്ങളിലേക്ക് പ്രതി വിളിച്ചുവരുത്തി എന്നും പരാതിയില്‍ പറയുന്നുണ്ട്. മുഖ്യപ്രതി അയല്‍വാസിയോട് പീഡിപ്പിച്ച കാര്യം അബദ്ധത്തില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ കവര്‍ച്ച, ലൈംഗികാതിക്രമം, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

Exit mobile version