Site iconSite icon Janayugom Online

മേരാ യുവ ഭാരത്: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തട്ടിപ്പു പദ്ധതിയുമായി മോഡി സര്‍ക്കാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ യുവജനങ്ങളെ പാട്ടിലാക്കാന്‍ വീണ്ടും തട്ടിപ്പ് പ്രഖ്യാപനവുമായി മോഡി സര്‍ക്കാര്‍. ഒമ്പത് വര്‍ഷം മുമ്പ് പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാരാണ് വീണ്ടും യുവജനക്ഷേമം പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. മേരാ യുവ ഭാരത് പദ്ധതി വഴി യുവജനങ്ങള്‍ക്ക് തൊഴിലും മറ്റ് വികസന പദ്ധതികളും ആവിഷ്കരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. 

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭയോഗമാണ് മേര യുവ ഭാരത് എന്ന സ്വയംഭരണ സംവിധാനം പ്രഖ്യാപിച്ചത്. രാജ്യത്തെ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് വനിതാ സംവരണ ബില്‍ പാസാക്കിയ മാതൃകയിലാണ് യുവഭാരത് പദ്ധതിയും കൊണ്ടുവരുന്നത്. 15 മുതല്‍ 29 വയസ് വരെയുള്ള യുവജനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് യുവജന വികസനം സാധ്യമാക്കുക, തൊഴിലവസരം സൃഷ്ടിക്കുക, രാഷ്ട്രനിര്‍മ്മിതിയില്‍ യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. 

40 കോടി യുവജനങ്ങളുടെ വോട്ട് ബാങ്ക് മനസില്‍ക്കണ്ടാണ് മോഡിയും കൂട്ടരും തട്ടിപ്പ് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ്, മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ വഴി രാജ്യത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ദയനീയമായി പാരജയപ്പെട്ട അവസരത്തിലാണ് യുവജനങ്ങളെ പാട്ടിലാക്കാന്‍ പുതിയ പദ്ധതിപ്രഖ്യാപനം.

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലച്ചും നിയമന നിരോധനം ഏര്‍പ്പെടുത്തി പകരം കരാര്‍ത്തൊഴില്‍ സൃഷ്ടിച്ചും യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേയില്‍ അടക്കം ലക്ഷക്കണക്കിന് ഒഴിവുകളില്‍ നിയമനം നടത്താന്‍ മടിച്ച് നില്‍ക്കുകയാണ്. രാജ്യത്തെ സാധാരണക്കാര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം പോലും വെട്ടിക്കുറച്ചവരാണ് യുവഭാരത് പദ്ധതി വഴി വോട്ട് തട്ടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 

Eng­lish Summary:Mera Yuva Bharat: Modi gov­ern­ment with fraud scheme ahead of election

You may also like this video

Exit mobile version