Site icon Janayugom Online

മെസിയും റൊണാള്‍ഡോയും ഒന്നിക്കില്ല; പിഎസ്ജിയും ഒഴിവാക്കുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലേക്ക് ആവശ്യമില്ലെന്ന് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബ് പിഎസ്ജി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആഗ്രഹിക്കുന്ന റൊണാള്‍ഡോയ്ക്ക് ഇതോടെ തിരിച്ചടിയായി. നേരത്തെ ചെല്‍സി പരിശീലകനും തങ്ങളുടെ ടീമിലേക്ക് റൊണാള്‍ഡോയെ അവശ്യമില്ലെന്ന് പറഞ്ഞിരുന്നു. പിഎസ്ജി താരത്തെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ നിലനിന്നിരുന്നു. ലയണല്‍ മെസിയും റൊണാള്‍ഡോയും ഒരുമിച്ച് കളിക്കുന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. പിഎസ്ജിയുടെ ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ആരാധകരുടെ ആകാംക്ഷയും അവസാനിച്ചു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ സീസണ്‍ സമ്മാനിച്ചത് നിരാശ. യുണൈറ്റഡിന് ഒരു കിരീടം പോലും സമ്മാനിക്കാനായില്ലെന്ന് മാത്രമല്ല, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും ടീമിന് നഷ്ടമായി.

പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന് എംബാപ്പെ, നെയ്മര്‍, മെസി ത്രയത്തോട് തന്നെയാണ് താല്പര്യം. ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വന്‍തുക മുടക്കിയാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമായാക്കുമെന്നതും തീരുമാനം മാറ്റാനിടയാക്കി. റൊണാള്‍ഡോയുടെ ഭീമമായ പ്രതിഫലം താങ്ങാനാകില്ലെന്ന നിലപാടിലാണ് പിഎസ്ജി. താരത്തിന് ആഴ്ചയില്‍ അഞ്ച് ലക്ഷം യൂറോ (ഏകദേശം നാലുകോടി രൂപ)യാണ് പ്രതിഫലമായി നല്‍കേണ്ടത്. നിലവില്‍ വളരെ കുറച്ചു ക്ലബ്ബുകള്‍ക്ക് മാത്രമാണ് ഈ പ്രതിഫലം താങ്ങാനാകുക. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് റൊണാള്‍ഡോയെ വില്‍ക്കാന്‍ താല്പര്യമില്ലെന്ന് ടീമിന്റെ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടെന്‍ ഹാഗിന്റെ ടീമില്‍ റൊണാള്‍ഡോയ്ക്ക് വലിയ സ്ഥാനമുണ്ട്.

Eng­lish Summary:Messi and Ronal­do don’t get along
You may also like this video

Exit mobile version