ഗോട്ട് ടു ടൂര്‍ പരിപാടിയിൽ പങ്കെടുക്കാന്‍ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലെത്തുന്നു. നാളെ മുതല്‍ 15 വരെ ഇന്ത്യയിലെ നാല് നഗരങ്ങള്‍ മെസി സന്ദര്‍ശിക്കും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത് നിരവധി പരിപാടികളിൽ പങ്കെടുക്കും. ഇന്ത്യാ പര്യടനം അവസാനിപ്പിക്കുന്നതിന് മുമ്പ് മെസി ഡല്‍ഹിയിലെത്തും. അവിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. മെസിക്കൊപ്പം ഇന്റര്‍ മിയാമിയിലെ സഹതാരവും ഉറുഗ്വെ ഇതിഹാസവുമായ ലൂയിസ് സുവാരസും അർജന്റീന മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോളും ഈ പര്യടനത്തിൽ പങ്കെടുക്കും.
നാളെ കൊൽക്കത്തയിൽ രാവിലെ 9:30 മുതൽ മെസിയുടെ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും. സെലിബ്രിറ്റി സൗഹൃദ മത്സരം ഉൾപ്പെടെ നിരവധി പരിപാടികൾക്ക് ശേഷം സൗരവ് ഗാംഗുലിയുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മെസിയുടെ പ്രതിമയുടെ വിർച്വൽ ഉദ്ഘാടനം നടക്കും. ഇതിന് ശേഷം മെസി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിലേക്ക് പോകും. രാത്രി ഏഴിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 7v7 ഫുട്ബോൾ മത്സരത്തിൽ താരം പങ്കെടുക്കും. മെസിയോടുള്ള ബഹുമാനാർത്ഥം വൈകുന്നേരം ഒരു സംഗീത പരിപാടിയും ഉണ്ടായിരിക്കും.
14ന് മുംബൈയില്‍ എത്തുന്ന താരം വൈകിട്ട് നാല് സെലിബ്രിറ്റി സൗഹൃദ മത്സരത്തില്‍ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ഫാഷൻ ഷോയിൽ അദ്ദേഹം പങ്കെടുക്കും. 15ന് തിരികെ ഡല്‍ഹിയിലാണ് മെസിയുടെ പര്യടനം അവസാനിക്കുന്നത്. ഇവിടെ വച്ച് മോഡിയുമായി കൂടിക്കാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മിനെർവ അക്കാദമി കളിക്കാരെ അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുക്കും. മിയാമിയില്‍ നിന്നാണ് മെസി കൊല്‍ക്കത്തയിലെത്തുന്നത്. ദീര്‍ഘദൂര യാത്രയെതുടര്‍ന്ന് ദുബായില്‍ അല്പം വിശ്രമിച്ച ശേഷമാണ് താരമെത്തുക. ഇതിനോടകം തന്നെ ടിക്കറ്റുകളെല്ലാം വിറ്റുകഴിഞ്ഞു. 4500 രൂപ മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. എന്നാല്‍ മുംബൈയില്‍ മാത്രം 8,250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 2011ൽ കൊൽക്കത്തയിൽ വെനിസ്വലയ്ക്കെതിരെ അർജന്റീനയ്‌ക്കായി സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

