Site iconSite icon Janayugom Online

ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് മെസി

മൂന്നു ദിവസത്തെ പര്യടനത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്ത്യക്കാര്‍ നല്‍കിയ സ്നേഹത്തിനും ആതിഥേയത്വത്തിനും നന്ദി, മെസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ ഫുട്ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു. ഇന്ത്യ സന്ദര്‍ശനത്തിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോയും താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. 

‘നമസ്തേ ഇന്ത്യ! ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും എന്റെ ടൂറിലുടനീളം നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും നന്ദി. ഇന്ത്യന്‍ ഫുട്ബോളിന് ശോഭനമായ ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’-മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗോട്ട് ടൂര്‍ ഇന്ത്യയുടെ മുഖ്യ സംഘാടകന്‍ സതാദ്രു ദത്തയുടെ പേരും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലഭിച്ച സ്നേഹവും സഹകരണവും മനോഹരമായിരുന്നെന്ന് കഴിഞ്ഞ ദിവസവും മെസി പറഞ്ഞിരുന്നു. ഇന്ത്യക്കാര്‍ക്ക് തന്നെ ഇഷ്ടമാണെന്ന കാര്യമറിയാമായിരുന്നു. എന്നാല്‍ അത് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായി. ഇനിയും ഇന്ത്യയിലെത്തുമെന്നും മെസി പറഞ്ഞു. ഇന്റര്‍ മയാമി ടീമിലെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അര്‍ജന്റീന ലോകകപ്പ് താരം റോഡ്രിഗോ ഡി പോള്‍ എന്നിവരും മെസിക്കൊപ്പം ഇന്ത്യയിലെത്തിയിരുന്നു.

Exit mobile version