കേരളീയ മനസിൽ പ്രതീക്ഷയുടെ വെള്ളി വെളിച്ചം വാഗ്ദാനം ചെയ്യുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക മന്ത്രി നടത്തിയത്. ലോകഫുട്ബോളിലെ ഇതിഹാസതാരമായ ലയണൽ മെസിയുടെ കേരള സന്ദർശനം അദ്ദേഹം ആധികാരികമായി പ്രഖ്യാപിച്ചു. 2025 നവംബർ ഡിസംബർ മാസങളിൽ അദ്ദേഹവും അർജന്റീനിയൻ ടീമും കേരളത്തിൽ രണ്ട് പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചത്. അവരോട് മത്സരിക്കുന്ന ടീമുകളെപ്പറ്റി വ്യക്തത വന്നിട്ടില്ല.
ഇന്ത്യയെന്ന നമ്മുടെ മാതൃരാജ്യം ലോകഫുട്ബാളിലെ 125-ാം സ്ഥാനത്താണ് നിൽക്കുന്നത്. ലോക മൽസരങളിൽ കാര്യമായൊന്നും ചെയ്യുവാൻ കഴിയുന്നില്ല. ഛേത്രിയുടെ വിരമിക്കലോടെ ഗോളടിക്കാൻ ഒരു കളിക്കാരൻ പോലുമില്ലെന്ന ദുഃസ്ഥിതി. എന്നാൽ ലോകമാകെയുള്ള ഫുട്ബോൾ കളികളെയും കളിക്കാരെയും ക്ലബ്ബുകളെയും പിന്തുടരുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. കേരളത്തിന്റെ ഫുട്ബോൾ കമ്പം ലോകം മുഴുവൻ അറിയുന്നതാണ്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ടീമുകളുടെയും കളിക്കാരെയും പക്ഷം ചേർന്നു ഫ്ലക്സ് ബോർഡുകളും കൊടികളും കേരളത്തിലുടനീളം ഉയര്‍ന്നു. അർജന്റീനയും, ബ്രസീലും, ഇംഗ്ലണ്ടും ജർമ്മനിയും ഫ്രാൻസും, ക്രൊയേഷ്യയും പോർച്ചുഗലും ആരാധകരുടെ ഇഷ്ടടീമുകളാണ്. തെരഞ്ഞെടുപ്പ് കാലത്തെ വാശിപോലെ ടീമുകളെ പിന്തുണക്കുന്ന ആവേശം വലിയ സ്ക്രീനുകൾക്ക് മുന്നിൽ കാണാം. കളിക്കാരിൽ പ്രധാനം മെസിയാണ്. റൊണാൾഡോയും നെയ്മറും എംബാപ്പെയും കൂടെയുണ്ട്. ഏറ്റവും കൂടുതൽ ജനപിന്തുണ മെസിക്കായിരുന്നു. മെസിയുടെ കട്ടൗട്ട് പുഴയുടെ മധ്യത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥാപിച്ചത് ലോകവാർത്തയായി. ട്വിറ്ററിൽ മെസിതന്നെ ചിത്രം പങ്കുവച്ചു.
ലോകതലത്തിൽ ഇത്രയേറെ ബഹുമതികള്‍ കളിയിൽകൂടി നേടിയെടുത്ത മറ്റൊരു കളിക്കാരൻ ഇല്ല. ലോകകപ്പ്, കോപ്പാ അമേരിക്ക, ഫൈനലസിമ, ബാലൻ ഡി ഓർ പലതവണ, ലാലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി യൂറോപ്പിലെ മിക്ക ടൂർണമെന്റുകളിലും മികച്ച കളിക്കാരൻ. ഗോളടിയന്ത്രം. മെസിക്ക് പകരം മെസിമാത്രം. രണ്ട് ദശകക്കാലം ബാഴ്സലോണയിൽ സ്ഥിരം കളിക്കാരൻ, തുടർന്ന് പുറത്തു മാറിമാറി പോയപ്പോഴും മെസിയെ ലോകമാകെയുള്ള ആരാധകർ പിന്തുടരുന്നു. മെസിയുടെ പേര് തുന്നിചേർത്ത അർജന്റീനിയൻ കുപ്പായം ധരിച്ചുകൊണ്ട് ആരാധിക്കുന്നു. അത്യാപൽക്കരമായ പ്രഹരശേഷിയുള്ള കളിക്കാരൻ, ഡ്രിബ്ലിങ് എതിരാളിയെ നിഷ്പ്രഭനാക്കും. അസാധാരണമായ വേഗതയും സെറ്റ്പീസുകളും കണിശമായ പാസും എല്ലാം തികഞ്ഞ ഏകതാരം ഇന്ന് മെസിതന്നെ. കളിയെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന താരമാണെന്ന് ലോകം നേരിൽകണ്ടത് ഖത്തറിലെ സൗദി അറേബ്യയോട് തോറ്റ സന്ദർഭത്തിലാണ്. അന്ന് ആരാധകരുടെ മുമ്പിൽ ദുഃഖിതനായി അദ്ദേഹം പറഞ്ഞു. ഞങ്ങൾ പരിശ്രമിക്കാം. പിന്നീടുള്ള മത്സരങ്ങളിൽ അവർ നന്നായി പോരാടി ജയം സ്വന്തമാക്കി. മൂന്ന് മഹോന്നത വിജയം ഒരേ സമയത്ത്. ബ്രസീൽ ലോകകപ്പ് ഫൈനലിൽ തോറ്റപ്പോഴും ദുഃഖിതനായ പച്ച മനുഷ്യനായി ഇദ്ദേഹത്തെ കണ്ടു.
കേരളീയർ ഈ മഹാപ്രതിഭയെ പിന്തുണയ്ക്കുമ്പോള്‍ അർജന്റീനക്കാർക്ക് കേരളീയരോട് മാനസികമായ വലിയ അടുപ്പമുണ്ടായി. അടുത്ത നാളുകളിൽ കേരള ഫുട്ബാൾ നിരന്തരമായി കളിയുടെ വഴിയിൽ എത്തിയിരിക്കുകയാണ്. കേരളസൂപ്പർലീഗും പുതിയ പരീക്ഷണങ്ങളും നടക്കുമ്പോൾ പ്രൊഫഷണൽ ഫുട്ബോളിന്റെ വഴിയിൽ നമുക്കു സഞ്ചരിക്കാൻ കഴിയണം. എവിടെയാണ് കളിക്കുകയെന്നും തീരുമാനിച്ചില്ല. മെസിയുടെ കളി കാണാനെത്തുന്ന ജനലക്ഷങ്ങളിൽ കാൽ ലക്ഷത്തെ താങ്ങാൻ കഴിയുന്ന സ്റ്റേഡിയം മാത്രമേ ഇവിടെ ഉള്ളു. മെസി വരുന്നതും ഫുട്ബോൾ ആവേശം വളർത്തുന്നതു ശ്ലാഘനീയമാണ്. ഇതിന്റെ തുടർച്ചയായി നമ്മുടെ കളിക്കാരെ വളർത്തിയെടുക്കാൻ കൃത്യമായ സമയബന്ധിത പരിപാടിയുണ്ടാക്കണം. പണത്തിന്റെ വിഷമം ശരിയാണ്. പക്ഷെ സർക്കാരിന്റെ ഖജാനമാത്രം കാത്തിരിക്കരുത്. ബിസിനസ് ലോബിയെ കൂടെ നിർത്തി ഫുട്ബോൾ കളിയെ വളർത്തി ശക്തമാക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണം.
മെസിയും അർജന്റീനയും കേരളത്തിലെത്തുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നമ്മുടെ നാടും മാറും. ആയിരം കാതങ്ങൾ അകലെ നിന്ന് ദൃശ്യമാധ്യമങ്ങളുടെ സഹായത്തിൽ കാണുന്ന മെസിയെന്ന ഫുട്ബോൾ മാന്ത്രികനെ കൺമുൻപിൽ കാണുന്നത് മഹാഭാഗ്യമായി കാണുന്ന ആരാധകർക്ക് ഇത് ജീവിതസാഫല്യമായിമാറും. ദൈവത്തിന്റെ സ്വന്തം നാട് മെസിയെ സ്വീകരിക്കാൻ തയ്യാറാവുകയാണ്.