Site iconSite icon Janayugom Online

മെസിയുടെ സഹോദരിക്ക് കാറപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സഹോദരി മരിയ സോൾ മെസിയ്ക്ക്(32) മയാമിയിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്ക്. മരിയ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തെത്തുടർന്ന് ജനുവരി ആദ്യവാരം നിശ്ചയിച്ചിരുന്ന മരിയയുടെ വിവാഹം മാറ്റിവെച്ചു. അപകടത്തിൽ മരിയയുടെ നട്ടെല്ലിന് ഒടിവ് സംഭവിക്കുകയും ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൈത്തണ്ടയ്ക്കും ഉപ്പൂറ്റിക്കും ഒടിവുകളുണ്ട്. നിലവിൽ മരിയ അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും പരിക്കുകൾ ഭേദമാകാൻ ദീർഘകാലത്തെ ചികിത്സയും വിശ്രമവും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ഇന്റർ മയാമി അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലുള്ള ജൂലിൻ തുലിയുമായുള്ള മരിയയുടെ വിവാഹം ജനുവരി മൂന്നിന് അർജന്റീനയിലെ റൊസാരിയോയിൽ വെച്ച് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. മെസിയുടെയും ആന്റോണെല്ലയുടെയും വിവാഹം നടന്ന അതേ നഗരത്തിൽ വെച്ച് തന്നെ സഹോദരിയുടെ വിവാഹവും ആഘോഷമായി നടത്താനിരിക്കെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. 

Exit mobile version